കൊച്ചി: അടിച്ചു കയറിയ വെള്ളത്തിനെ തടുക്കാന്‍ ശ്രീലക്ഷ്മിയുടെ കുഞ്ഞു വീടിനായില്ല. ഒഴുകിപ്പോയ വെള്ളത്തോടൊപ്പം അവളുടെ വീടും പോയി. കൂടെ പഠിക്കുന്ന പുസ്തകങ്ങളും ബാഗും യൂണിഫോമും. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ പേടിച്ചു കരഞ്ഞു. ഇനി ഒരിക്കലും പഠിക്കാന്‍ പറ്റില്ലെന്നു കരുതി. കരഞ്ഞുറങ്ങി അമ്മയോടൊപ്പം ക്യാമ്പിലേക്കു പോയ അഞ്ചാം ക്ലാസുകാരി.
പക്ഷേ അവള്‍ക്കിപ്പോള്‍ പേടിയില്ല. വെള്ളം കയറിയപ്പോള്‍ വന്ന പകപ്പ് മാറി. പുസ്തകങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ സങ്കടങ്ങളും തീര്‍ന്നു. സ്‌കൂളില്‍ നിന്നും പുതിയ പുസ്തകങ്ങള്‍ കിട്ടി. യൂണിഫോമും ബാഗും കിട്ടി. പ്രതീക്ഷയുടെ പുഞ്ചിരിയില്‍ തകര്‍ന്ന വീടിനു മുമ്പിലിരുന്ന് അവള്‍ പറയുന്നു ‘ഒട്ടും പേടിയില്ല; എല്ലാം ശരിയാകും.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ ചൂണ്ടാംതുരുത്ത് വീട്ടില്‍ ഷിബുവിന്റെ മകളാണ് ശ്രീലക്ഷ്മി. മൂഴിക്കുളം സെന്റ് മേരീസ് യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി.
പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ജീവനും കൊണ്ട് ക്യാമ്പിലേക്ക് ഓടുമ്പോള്‍ ഒന്നും കൈയിലെടുത്തില്ല. പിന്നീട് വരുമ്പോള്‍ വീടിരുന്ന സ്ഥലത്ത് തറ മാത്രം. പൊയ്ക്കാട്ടുശ്ശേരി ഗവ.എല്‍.പി സ്‌കൂളില്‍ നിന്നും നാലാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റായി പഠിച്ചു വന്ന ശ്രീലക്ഷ്മിക്ക് സങ്കടമായത് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ്. പാല്‍വിറ്റ് വീട് നോക്കുന്ന അമ്മയ്ക്ക് പുതിയതൊന്നും വാങ്ങാന്‍ കഴിവില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷേ ക്ലാസു തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അവള്‍ക്ക് എല്ലാം ലഭിച്ചു. ആദ്യം ബാഗ് അതിനു ശേഷം യൂണിഫോം ഇന്നലെ പുസ്തകങ്ങളും.
പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ പുസ്തങ്ങള്‍ എത്തിക്കണമെന്നത് സര്‍ക്കാരിന്റെ നിര്‍ബന്ധമായിരുന്നു. 30,000 പുസ്തകങ്ങളാണ് ആലുവ ഉപജില്ലയില്‍ പുതിയതായി വേണ്ടിയിരുന്നത്. 20,000 പുസ്തകങ്ങള്‍ അച്ചടിച്ചു. പഴയത് സ്റ്റോക്കുണ്ടായിരുന്ന എറണാകുളം മട്ടാഞ്ചേരി, എന്നിവിടങ്ങളില്‍ നിന്നും ബാക്കി കൊണ്ടുവന്നു. ഇന്നലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പുസ്തകങ്ങള്‍ കൈമാറി. സര്‍ക്കാര്‍, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കുളുകളിലെ പുസ്തക വിതരണമാണ് ഇന്നലെ നടന്നത്. എയ്ഡഡ് മേഖലയിലെ പുസ്തകങ്ങള്‍ പിന്നീട് കൈമാറും.
വീട് തകര്‍ന്നപ്പോള്‍ മക്കളുടെ പഠിപ്പിനെക്കുറിച്ചു തന്നെയായിരുന്നു ആശങ്കയെന്ന് ശ്രീലഷ്മിയുടെ അമ്മ അമ്പിളി പറയുന്നു. ശ്രീലക്ഷ്മിയെക്കൂടാതെ പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍ ശ്രീരാഗിനും പുതിയ പുസ്തകങ്ങള്‍ കിട്ടി. സര്‍ക്കാരിന്റെ സഹായം കൊണ്ട് കുട്ടികളുടെ പഠിപ്പിന്റെ കാര്യത്തില്‍ ആശങ്ക മാറി. മറ്റു പ്രശ്‌നങ്ങളും ഉടന്‍ മാറുമെന്ന വിശ്വാസമുണ്ട്. പശുക്കളാണ് വീട്ടിലെ ഏക വരുമാനമാര്‍ഗം. കൂടെ ആടുകളുമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തില്‍ കാലിതൊഴുത്തും പൂര്‍ണമായും തകര്‍ന്നു. എല്ലാവരുടെയും സഹകരണം കൊണ്ട് പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വീടിനു മുകളില്‍ പുല്ലു വന്നു കയറിയതാണ് പ്രധാന പ്രശ്‌നം. അതു മാറ്റിയാല്‍ മാത്രമേ പുതിയ കാലി തൊഴുത്ത് കെട്ടാന്‍ പറ്റൂ. പഞ്ചായത്തില്‍ നിന്നും ജെ സി ബി കൊണ്ടുവന്ന് പുല്ലു മാറ്റി നല്‍കാമെന്ന് മെമ്പര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു പശുക്കുട്ടിയും രണ്ടു വലിയ ആടുകളൂം ആട്ടിന്‍ കുട്ടികളും വെളളത്തില്‍ ഒലിച്ചുപോയി. ഇന്‍ഷൂറന്‍സ് ഉള്ളതുകൊണ്ട് മൃഗാശുപത്രിയില്‍ എഴുതി നല്‍കിയിട്ടുണ്ട്. ഉടന്‍ നടപടിയാകുമെന്നാണ് പ്രതീക്ഷ. ഭര്‍ത്താവ് ഷിബു ഹൃദയരോഗത്തിനു മരുന്നു കഴിക്കുകയാണ്. ജോലിയൊന്നും ചെയ്യാന്‍ വയ്യ. അമ്മ സരസുവും അമ്പിളിയും ചേര്‍ന്നാണ് പശുവിന്റെ കാര്യങ്ങള്‍ നോക്കുന്നത്. വീടു വയ്ക്കണം, തൊഴുത്തു കെട്ടണം, കുട്ടികളെ പഠിപ്പിക്കണം, ഷിബുവിന് മരുന്നു വാങ്ങണം, വീട്ടിലെ ചെലവു നോക്കണം…. എല്ലാം ഒന്നില്‍ നിന്നു തുടങ്ങണം – അമ്പിളിയും പറയുന്നു – “പ്രതീക്ഷയുണ്ട്…. എല്ലാം ശരിയാകും”