കാടിന്റെ ഉള്ളറകളില്‍ നിന്നും ഹോസ്റ്റലിലെ ചുമരിലേക്ക് കുട്ടികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ കളക്ടറെത്തി. കാടറിവിന്റെ ഇനിയുമറിയാത്ത കാഴ്ചകളുടെ കൈപിടിച്ച് ജില്ലാ കളക്ടര്‍ ഡോ.രേണുരാജും ഇവിടെ പുതിയ പഠിതാവായി. ജില്ലയില്‍ ചുമതലയേറ്റ ശേഷം ആദ്യമായി നുല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ക്ക് കുട്ടികളുടെ കലാചാരുതയും വേറിട്ട അനുഭവമായി. രണ്ടാഴ്ചകളുടെ പരിശീലനത്തിലാണ് കുട്ടികള്‍ ചുമരെന്ന വലിയ ക്യാന്‍വാസിലേക്ക് നിറം കലര്‍ത്തി ചിത്രങ്ങളെഴുതിയത്.
കാട്ടരുവിയില്‍ ഉല്ലസിക്കുന്ന കാട്ടുകൊമ്പന്‍മാരും ദൈവപുരകളും ഗോത്ര ജനതയുടെ ആചാരപെരുമകളുമെല്ലായിരുന്നു നീളന്‍ ചുമരില്‍ കുട്ടികളുടെ വരയില്‍ നിറഞ്ഞത്. ചിത്രകലാധ്യാപകന്‍ ടി.കെ.അശോക് കുമാറിനൊടൊപ്പം മായ്ച്ചും വരച്ചുമുളള ഏതാനും ദിവസങ്ങളാണ് ഇവരെ നല്ലൊരു ചിത്രകാരന്‍മാരാക്കിയത്. പലരും ആദ്യമായിട്ടാണ് അക്രലിക് പെയിന്റും ബ്രഷും കൈയിലെടുത്തത് പോലും. അഞ്ചാം തരക്കാരനായ അമല്‍ മുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജിഷ്ണു വരെയുളള കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത്തിയൊന്ന് ഗോത്രവിദ്യാര്‍ത്ഥികളാണ് ചിത്രമെഴുത്തില്‍ അണിനിരന്നത്. ഗോത്ര വര്‍ണ്ണ വിസ്മയങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ രേണു രാജ് അനാച്ഛാദനം ചെയ്തപ്പോള്‍ ഇത് നൂല്‍പ്പുഴ എം.ആര്‍.എസ്സിനും അഭിമാന നിമിഷമായി.
അടുക്കും ചിട്ടയോടെയുമുള്ള പഠനവും ജീവിതവും വിജയത്തിന്റെ അടി സ്ഥാനമാണെന്ന് ജില്ലാ കളക്ടര്‍ ഗുണപാഠ കഥയിലൂടെ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. പഠന പാഠ്യേതര വിഷയങ്ങളിലെല്ലാം മത്സരിക്കുന്ന നൂല്‍പ്പുഴ എം.ആര്‍.എസ്സിലെ കുട്ടികള്‍ നിറഞ്ഞ കൈയ്യടിയോടെ കളക്ടറുടെ വാക്കുകളെ സ്വീകരിച്ചു. കുട്ടികള്‍ക്കൊപ്പം നടന്ന് പഠന വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ കളക്ടര്‍ ഹോസ്റ്റലില്‍ നിന്നും അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കുട്ടികളുടെ താമസ പഠന സൗകര്യങ്ങളും കളക്ടര്‍ വിലയിരുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.സുരേഷ് ബാബു, പ്രധാനാധ്യാപകന്‍ കെ.പി.ഷാജു, സീനിയര്‍ സൂപ്രണ്ട് ടി.കെ.മനോജ്, ടി.ഡി.ഒ ജി.പ്രമോദ്, ഹോസ്റ്റല്‍ മാനേജര്‍ പി.കെ.സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടറെ സ്വീകരിച്ചു.