വരുംതലമുറയിലേക്ക് കൃഷിയുടെ പ്രാധാന്യം എത്തിക്കുന്നതിനായി എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയുടെ ഔപചാരിക ഉദ്ഘാടനം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. മാർച്ച് 28ന് രാവിലെ 11 ന് ഇളങ്ങുളം ശ്രീശാസ്താ ഹാളിൽ നടക്കുന്ന ചടങ്ങിൽ കുട്ടികൾക്കുള്ള കൃഷി പാഠപുസ്തകം ‘ഹരിതപത്രിക ‘ യുടെ പ്രകാശനവും മന്ത്രി നിർവഹിക്കും. വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ട നിർമ്മാണം, കാർഷിക പഠന പരിപാടികൾ, നടീൽ വസ്തുക്കളുടെ വിതരണം, മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് ഗ്രീൻ ആർമിയിലൂടെ ലക്ഷ്യം.
ഒരു വർഷം മുൻപ് ആരംഭിച്ച പദ്ധതി പഞ്ചായത്തിലെ കുറച്ച് വിദ്യാലയങ്ങളിൽ മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്. വരും വർഷങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പദ്ധതി നടപ്പിലാക്കും. ത്രിതല പഞ്ചായത്തുകൾ, കൃഷി വകുപ്പ്,ധനകാര്യ സ്ഥാപനങ്ങൾ,കർഷക കൂട്ടായ്മകൾ എന്നിവയുടെസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ പച്ചക്കറിത്തോട്ടങ്ങളിൽ വിളയുന്ന കാർഷികോത്പന്നങ്ങൾ, സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. കാർഷികരംഗത്ത് എലിക്കുളം പഞ്ചായത്തിന് ലഭിച്ച അവാർഡ് തുകയിൽനിന്നു മൂന്നുലക്ഷം രൂപ പദ്ധതിക്കായി മാറ്റി വച്ചിട്ടുണ്ട്.