എലിപ്പനിക്കതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപണിയില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണത്തിലേര്‍പ്പെടുന്നവര്‍, മീന്‍പിടുത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ മലിനമായ മണ്ണുമായും, കെട്ടികിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ജാഗ്രത പാലിക്കണം.

രോഗലക്ഷണങ്ങള്‍
ക്ഷീണത്തോടെയുള്ള പനിയും, തലവേദനയും, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപിത്ത ലക്ഷണങ്ങള്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം.

പ്രതിരോധ മാര്‍ഗങ്ങള്‍
കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കൈകാലുകളില്‍ മുറിവുള്ളവര്‍ അവ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ ചെയ്യാതിരിക്കുക.
ചികിത്സ തേടുന്ന സമയത്ത് ജോലിയെ സംബന്ധിച്ച വിവരങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറോട് വ്യക്തമാക്കുക.
മേല്‍ പറഞ്ഞ തൊഴില്‍ മേഖലകളിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഡോക്‌സി സൈക്ലിന്‍ ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുക.