* സംസ്ഥാനത്ത് മൂന്ന് സയന്സ് പാർക്കുകള് സ്ഥാപിക്കും
സംസ്ഥാനത്ത് മൂന്ന് സയന്സ് പാര്ക്കുകള് ആരംഭിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളങ്ങള്ക്ക് സമീപമാണ് സയന്സ് പാര്ക്ക് സ്ഥാപിക്കാന് ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്മിക്കുന്ന ഓരോ സയന്സ് പാര്ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്ണവും ഉണ്ടായിരിക്കും.
കണ്ണൂര്, എറണാകുളം, തിരുവനന്തപുരം സയന്സ് പാര്ക്കുകളുടെ പ്രിന്സിപ്പല് അസോസിയേറ്റ് യൂണിവേഴ്‌സിറ്റികള് യഥാക്രമം കണ്ണൂര്, കൊച്ചിന് യൂണിവേഴ്‌സിറ്റി ഓഫ് സയന്സ് ആന്റ് ടെക്‌നോളജി, കേരള യൂണിവേഴ്‌സിറ്റികള് ആയിരിക്കും.
കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്സ് പാര്ക്ക് സ്ഥാപിക്കുക.
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്സിലിനെ (KSCSTE) പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യല് പര്പ്പസ് വെഹിക്കിളായി (SPV) തീരുമാനിച്ചു.
സയന്സ് പാര്ക്കുകള്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ഐ.ടി.എല് നെ ചുമതലപ്പെടുത്തി.
ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്‌സ് – ഒഫീഷ്യോ പ്രിന്സിപ്പല് സെക്രട്ടറി പ്രൊഫ. കെ പി സുധീര് ചെയര്മാനായ ഒമ്പത് അംഗ കണ്സള്ട്ടേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു.
സയന്സ് പാര്ക്കുകള് സ്ഥാപിക്കുന്നതിന്റെ പ്രവര്ത്തനം സുഗമമാക്കുന്നതിന് ഒരു റിസോഴ്‌സ് ടീമിനെ നിയമിക്കും. അതിനുള്ള ചെലവുകള് കിഫ്ബി ഫണ്ടില് നിന്ന് നല്കും.
2022 – 23 സാമ്പത്തിക വര്ഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത്
4 സയന്സ് പാര്ക്ക് സ്ഥാപിക്കാന് തീരുമാനിച്ചത്.
* ഐസൊലേഷൻ ബ്ലോക്കിന് ഭരണാനുമതി
പകര്ച്ചവ്യാധി ഉള്പ്പെടെയുള്ള രോഗബാധിതരെ ഐസോലേഷന് ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല് കോളേജുകളില് ഐസൊലേഷന് ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്കി. കിഫ്ബി ധനസഹായത്തോടെ തയ്യാറാക്കിയ യഥാക്രമം 34.74 കോടി, 34.92 കോടി രൂപയുടെ എസ്റ്റിമേറ്റുകള്ക്കാണ് ഭരണാനുമതി നല്കിയത്. ഇതുവരെ നിര്മ്മിച്ച ഐസൊലേഷന് വാര്ഡുകള് വേണ്ടരീതിയില് ഉപയോഗപ്പെടുത്തുന്നുവെന്ന് വകുപ്പ് ഉറപ്പുവരുത്തേണ്ടതാണ്.
* ഭൂപരിധി ഇളവ് അപേക്ഷകൾ
ഭൂപരിധി ഇളവിന് 12.10.2022നു മുമ്പുള്ള മാനദണ്ഡത്തിന് അനുസൃതമായി അപേക്ഷ നല്കിയതും സര്ക്കാരിന്റെയോ ജില്ലാതല സമിതിയുടെയോ പരിഗണനയിലുള്ളതുമായ കേസുകളില് വീണ്ടും ഓണ്ലൈനായി അപേക്ഷിക്കേണ്ടതില്ല. അത്തരത്തിലുള്ള ഓഫ്‌ലൈന് അപേക്ഷകളും ഓണ്ലൈന് അപേക്ഷകള്പോലെ പരിഗണിച്ച് തീരുമാനമെടുക്കും.
* തസ്തിക പുനഃസ്ഥാപിക്കും
കണ്ണൂര് ഐ.ഐ.എച്ച്.റ്റിയില് ഒരു വര്ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന ടെക്‌നിക്കല് അസിസ്റ്റന്റ് ഗ്രേഡ് – 2 (പ്രോസസ്സിംഗ്) (ശമ്പള സ്‌കെയില് – 22200-48000), ഹെല്പ്പര് (വീവിംഗ്) (ശമ്പള സ്‌കെയില് – 17000 -35700) എന്നീ തസ്തികകള് 22.10. 2001 ഉത്തരവിലെ നിബന്ധനയില് ഇളവ് അനുവദിച്ച് പുനഃസ്ഥാപിച്ചു നല്കും.
* മുൻകാല പ്രാബല്യം
ട്രാവന്കൂര് കൊച്ചിന് കെമിക്കല്സ് ലിമിറ്റഡിലെ ഓഫീസര് കാറ്റഗറിയില്പ്പെട്ട ജീവനക്കാര്ക്ക് 2021 ജനുവരി 23ലെ ഉത്തരവ് പ്രകാരം അനുവദിച്ച ശമ്പള പരിഷ്‌ക്കരണ പ്രകാരമുള്ള അലവന്സുകള്ക്ക് 2017 ഏപ്രില് 1 മുതല് പ്രാബല്യം നല്കും
* ഉപയോഗാനുമതി
ബേക്കല് റിസോര്ട്ട് ഡവലപ്പ്‌മെന്റ് കോര്പ്പറേഷന്റെ കൈവശമുള്ള റീസര്വ്വേ നമ്പര് 251/3 ല്പ്പെട്ട 1.03 ഏക്കര് ഭൂമി റവന്യൂ ഭൂമിയാക്കി പി.എച്ച്.സി. നിര്മ്മാണത്തിന് ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നല്കാന് തീരുമാനിച്ചു.
ബി.ആര്.ഡി.സി. വിട്ടൊഴിഞ്ഞ ഭൂമിക്ക് പകരമായി പള്ളിക്കര വില്ലേജിലെ പി.എച്ച്.സി.യുടെ ഉടമസ്ഥതയിലുള്ള 1.03 ഏക്കര് സര്ക്കാര് ഭൂമി പതിച്ചു നല്കാനും തീരുമാനിച്ചു.