ഈ വർഷത്തെ വേനൽക്കാല സമയക്രമം വിമാന കമ്പനികൾ പുറത്തിറക്കിയപ്പോൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ. ശീതകാല സമയക്രമത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 239 സർവ്വീസുകളാണ് നടത്തിയിരുന്നതെങ്കിൽ വേനൽക്കാല സമയക്രമത്തിൽ ഇത് 268 സർവ്വീസുകളായി ഉയർന്നു. കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ ഫ്‌ളൈറ്റുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നു എന്നത് ശുഭ സൂചകമാണ്. ശൈത്യകാല സമയക്രമത്തിനേക്കാളും 12% വർദ്ധനവ് വേനൽക്കാല സമയക്രമത്തിൽ ഉണ്ട്. കഴിഞ്ഞ വേനൽക്കാല സമയക്രമത്തേക്കാളും 15% വർദ്ധനവ് ഈ വർഷം വേനൽക്കാല സമയക്രമത്തിൽ ഉണ്ടായിട്ടുണ്ട്. വേനൽക്കാല സമയക്രമത്തിൽ ആഭ്യന്തര സർവ്വീസുകളിൽ ആഴ്ചയിൽ 142 സർവ്വീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ശീതകാല സർവ്വീസുകളെക്കാളും 20% കൂടുതലാണ്. കഴിഞ്ഞ വേനൽക്കാല സമയക്രമത്തേക്കാളും 24% വർദ്ധനവാണ് ആഭ്യന്തര സർവ്വീസുകളിൽ കാണുന്നത്.
ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരാണസിയിലേക്കും കൂടി വിമാന സർവ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവ്വീസ് ഉണ്ടാകും. ഇതിൽ തെക്കേ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളും ഉൾപ്പെടും. ബാംഗ്‌ളൂർ, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആഭ്യന്തര സർവ്വീസ് നടത്തുന്നത്. കൂടാതെ അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ഭുവനേശ്വർ, ഗുവാഹത്തി, ഇൻഡോർ, ചാണ്ഡിഗഡ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്‌നൗ, മധുര, നാഗ്പൂർ, പാറ്റ്‌ന, പോർട്ട് ബ്‌ളെയർ, പൂനൈ, റായ്പൂർ, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും കണക്ഷൻ സർവ്വീസുകൾ ഉണ്ട്. ഇൻഡിഗോ എയർലൈൻ ആണ് ഏറ്റവും കൂടുതൽ സർവ്വീസ് നടത്തുന്നത്. ആഴ്ചയിൽ 114 സർവ്വീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ ശീതകാല സമയക്രമത്തെ താരതമ്യം ചെയ്യുമ്പോൾ 33% വർദ്ധനവാണ്.
ബാംഗ്‌ളൂരിലേക്കും മുംബൈയിലേക്കും ഓരോ ഫ്‌ളൈറ്റുകൾ കൂടുതലായി ഇൻഡിഗോ എയർലൈൻസ് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നിലവിൽ ആഴ്ചയിൽ ബാംഗ്‌ളൂരിലേക്കുളള 30 സർവ്വീസ് 44 ആയി വർദ്ധിപ്പിക്കും. ഗോ ഫസ്റ്റും ഇൻഡിഗോ എയർലൈൻസും മുംബൈയിലേക്ക് ദിവസവും വിമാന സർവ്വീസ് നടത്തുന്നതോടു കൂടി ആഴ്ചയിൽ മുംബൈയിലേക്കുളള 14 സർവ്വീസ് 28 സർവ്വീസ് ആയി വർദ്ധിപ്പിക്കും. ആഴ്ചയിൽ 126 അന്താരാഷ്ട്ര സർവ്വീസുകളാണ് വേനൽക്കാല സമയക്രമത്തിൽ ആരംഭിക്കുന്നത്. കോവിഡിനു മുമ്പുളള യാത്രക്കാരുടെയും ഫ്‌ളൈറ്റുകളുടെയും അത്ര തന്നെ എണ്ണം ഇതോടു കൂടി കൈവരിക്കാൻ സാധിക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനൽ ഷെഡ്യൂളിൽ ഫ്‌ളൈറ്റുകൾ ഉണ്ട്. ബഹ്‌റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകൾ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ഉണ്ട്. ആഴ്ചയിൽ 70 സർവ്വീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് അന്താരാഷ്ട്ര സർവ്വീസുകളിൽ ഏറ്റവും മുന്നിൽ. എയർ ഇന്ത്യ എക്‌സ്പ്രസ് വേനൽക്കാല സമയക്രമത്തിൽ ദുബായിലേക്ക് ദിവസ സർവ്വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയിൽ ദുബായിലേക്ക് 14 സർവ്വീസ് എന്നുളളത് 28 ആയി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്‌റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനൽക്കാല സമയക്രമത്തിൽ ഫ്‌ളൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്‌ലി സർവ്വീസ് നടത്തും. മസ്‌കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സർവ്വീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് ദോഹയിലേക്കുളള സർവ്വീസ് ദിവസേനയാക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവ്വീസുകൾ നടത്താൻ പോകുന്ന വിമാനങ്ങളുടെ എണ്ണം:
അബുദാബി | ബഹ്റൈൻ | ദമാം | ദോഹ | ദുബായ് | ജിദ്ദ | കുവൈറ്റ് | മസ്കറ്റ് | റിയാദ് | ഷാർജ |
24 | 2 | 4 | 24 | 28 | 4 | 10 | 12 | 4 | 14 |
വ്യോമയാന രംഗം കുറച്ചു വർഷങ്ങളിലായി പുരോഗതിയുടെ പാതയിലാണ്. ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യം ഉണ്ടാക്കുന്നതിനും രാജ്യങ്ങൾ തമ്മിലുളള വിമാന സർവ്വീസ് വർദ്ധിപ്പിക്കുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തിയത് യാത്രക്കാരുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു.
കണ്ണൂർ വിമാനത്താവളം വ്യത്യസ്തങ്ങളായ വിമാന കമ്പനികളുമായി ആശാവഹമായ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സർവ്വീസ് തുടങ്ങുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ലക്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് വിമാന സർവ്വീസ് തുടങ്ങുന്നതിനെക്കുറിച്ചുമാണ് ചർച്ചകൾ പുരോഗമിച്ചു വരുന്നത്. ഇതോടൊപ്പം മിഡിൽ ഈസ്റ്റിലേക്കുളള വിമാന സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും വിമാന കമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തി വരികയാണ്. ഈ കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ വരും മാസങ്ങൾ കണ്ണൂർ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യാശ നൽകുന്നതും നിർണ്ണായക വളർച്ച സൂചിപ്പിക്കുന്നതുമായ മാസങ്ങളാണ്.