ജെന്‍ഡര്‍ സൗഹൃദ തദ്ദേശഭരണ ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കവുമായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക ബജറ്റ്. 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അവതരിപ്പിച്ചു. 141,25,35,800 രൂപ വരവും 141,21,82,350 രൂപ ചെലവും 3,53,450 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ജെന്‍ഡര്‍ സൗഹൃദ തദ്ദേശഭരണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ വനിത ജിംനേഷ്യം ആരംഭിക്കും. ഇതിനായി 35 ലക്ഷം വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് 2.5 കോടി, തളരുന്നവര്‍ക്ക് തണലായി പദ്ധതിക്ക് 31 ലക്ഷവും മാറ്റിവെച്ചിട്ടുണ്ട്. ഹരിതകര്‍മ്മ സേനയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷം, ഡയാലിസിസ് പദ്ധതിക്ക് 22 ലക്ഷം, പാലില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് ക്ഷീരസാഗരം പദ്ധതിക്ക് 25 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 116.87 കോടി രൂപയും ഭവന നിര്‍മാണ മേഖലയില്‍ 2.36 കോടിയും കാര്‍ഷിക മേഖലയുടെ ഉണര്‍വിന് കതിരിനൊരു കരുതല്‍ പദ്ധതിക്ക് 85 ലക്ഷം രൂപയും മാറ്റിവെച്ചു. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കും. പൊതു ഇടങ്ങളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ എല്ലാ ഘടക സ്ഥാപനങ്ങളും കാര്‍ബണ്‍ സന്തുലിതമാക്കാന്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു പ്രഖ്യാപനം നടത്തി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.