ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 2023-2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 95,41,06,465 രൂപ വരവും 101,36,88,000 രൂപയുടെ ചെലവുമാണ് ഈ സാമ്പത്തിക വര്‍ഷം സര്‍വകലാശാല പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ 60 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാ പൗരന്മാരെയും ബിരുദധാരികളാക്കാനുള്ള പഠനപദ്ധതിയാണ് സര്‍വകലാശാല ആസൂത്രണം ചെയ്യുന്നത്. ലോകത്തില്‍ എല്ലാവരും ബിരുദധാരികളാകുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് നേടിക്കൊടുക്കുകയാണ് ലക്ഷ്യം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കില, കുടുംബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ എന്നിവയുമായി ചേര്‍ന്ന് വിപുലമായ പദ്ധതി നടപ്പിലാക്കും. സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കോഴ്‌സുകള്‍ കിലയുടെയും ജില്ലാ പഞ്ചായത്തുകളുടെയും പിന്തുണയോടെ ഈ വര്‍ഷം ആരംഭിക്കും. സര്‍വകലാശാല ആസ്ഥാനമന്ദിരനിര്‍മാണത്തിനായി നഗരത്തില്‍ 10 ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി 30 കോടി രൂപ വകയിരുത്തി.

ഈ വര്‍ഷം ഒമ്പത് ഡിഗ്രി കോഴ്‌സുകളും നാല് പി ജി കോഴ്‌സുകളും ആരംഭിച്ചു. ബികോം, ബി സി എ, ബി ബി എ, എം കോം എന്നീ പ്രോഗ്രാമുകള്‍ ജൂണ്‍, ജൂലൈ മാസത്തോടുകൂടി തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 75 അധ്യാപക- അനധ്യാപക തസ്തികകള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ സൃഷ്ടിച്ച് ഉടന്‍ നിയമനം നടത്തുമെന്നും ബജറ്റില്‍ പരാമര്‍ശിച്ചു.

സര്‍വകലാശാല ആസ്ഥാനത്ത് വൈസ് ചാന്‍സിലര്‍ ഡോ. പി എം മുബാറക്ക് പാഷ അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗവും ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനറുമായ അഡ്വക്കേറ്റ് ബിജു കെ മാത്യൂ ബജറ്റ് അവതരിപ്പിച്ചു. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ എസ് വി സുധീര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ ശ്രീവത്സന്‍, ഡോ. എം ജയപ്രകാശ്, എ നിസാമുദ്ദീന്‍ കായിക്കര, ഡോ. ടി എം വിജയന്‍, ഡോ. എ പസിലത്തില്‍, ഡോ. സി ഉദയകല, രജിസ്ട്രാര്‍ ഡോ. ഡിമ്പി. വി. ദിവാകരന്‍, ഫിനാന്‍സ് ഓഫീസര്‍ എം എസ് ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.