മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് നടപ്പിലാക്കുന്ന വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് അംഗീകൃത പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കും സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും അപേക്ഷിക്കാം. സഹകരണ സംഘങ്ങളില്‍ അംഗങ്ങളാകാത്തവര്‍ക്ക് താല്‍കാലികമായും അംഗത്വമെടുക്കാം. പ്രായപരിധി 18-70 വയസ്. ഈ പോളിസി പ്രകാരം അപകടമരണത്തിനുള്ള നഷ്ടപരിഹാരതുക 10 ലക്ഷം രൂപയാണ്. ദ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
510 രൂപയാണ് പ്രീമിയം തുക. അപകടം മൂലം പൂര്‍ണമായി അംഗവൈകല്യം ഉണ്ടായാലും 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ അനുസരിച്ച് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും. ആശുപത്രിയില്‍ പ്രവേശിച്ചാല്‍ അംഗവൈകല്യത്തിലേക്ക് നയിക്കുന്ന കേസുകളില്‍ ആശുപത്രി ചെലവായി പരമാവധി രണ്ടുലക്ഷം രൂപ വരെ ചികില്‍സാ ചിലവിനത്തില്‍ ലഭിക്കും. മരണം ഉണ്ടായാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചാര്‍ജായി 2500 രൂപ വരെ നല്‍കും. മരിച്ച മത്സ്യത്തൊഴിലാളിക്ക് 25 വയസ്സിന് താഴെ പ്രായമുള്ള മക്കള്‍ ഉള്ള പക്ഷം പഠന ചെലവിലേക്കായി ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ട് കുട്ടികള്‍ക്ക് വരെ പരമാവധി 10,000 രൂപ കുടുംബത്തിന് ധനസഹായമായി ഒറ്റത്തവണത്തേക്ക് നല്‍കും.
മാര്‍ച്ച് 30 നകം നിര്‍ദ്ദിഷ്ടഫാമില്‍ അപേക്ഷ സമര്‍പ്പിക്കണം. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ ബോട്ടിലെ മുഴുവന്‍ തൊഴിലാളികളേയും, എസ്.എച്ച്.ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍- ജില്ലാ ഓഫീസ് – 9526041229, 9526041178, ക്ലസ്റ്റര്‍ ഓഫീസുകള്‍ – 9526042211, 9526041072, 9526041293, 9526041324, 9526041325, 9633945358.