‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച കലാജാഥ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. അജൈവമാലിന്യ സംസ്‌കരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളും ആവശ്യകതയും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.

അജൈവ മാലിന്യ ശേഖരണത്തിന്റെ പ്രാധാന്യവും യൂസര്‍ ഫീ, അജൈവ മാലിന്യ ശേഖരണ കലണ്ടര്‍, എം.സി.എഫ് പ്രവര്‍ത്തനം എന്നിവയും കലാജാഥയില്‍ അവതരിപ്പിക്കും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക എന്നിവയ്ക്കെതിരെയും അനധികൃത മാലിന്യ സംസ്‌കരണ രീതികള്‍ സംബന്ധിച്ചും ബോധവല്‍ക്കരിക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച കലാ ജാഥ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്, മേപ്പാടി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ പര്യടനം നടത്തി. രംഗശ്രീ വയനാട് അവതരിപ്പിക്കുന്ന കലാജാഥയുടെ സ്‌ക്രിപ്റ്റ് ചിട്ടപ്പെടുത്തിയത് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാമോളാണ്. ജാഥ ക്യാപ്റ്റന്‍ കെ.പി ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ദൃശ്യാവിഷ്‌ക്കാരം അവതരിപ്പിച്ചത്. കുടുംബശ്രീ ട്രാന്‍സ് ജെന്‍ഡര്‍ ഫോറത്തിലെ പ്രതിനിധിയും കലാ ജാഥയുടെ ഭാഗമാണ്.