* ആദ്യബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു
ഗാര്‍ഹികജോലിക്ക് നോര്‍ക്ക-റൂട്ട്‌സ് വഴി കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്ന മലയാളി വനിതകളുടെ ആദ്യബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. നോര്‍ക്ക-റൂട്ട്‌സ് വഴി വിദേശത്തേക്ക് തൊഴിലിനുപോകുമ്പോള്‍ നല്ല സുരക്ഷിതത്വം ഉറപ്പാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ സ്ഥാപനം വഴി ചെല്ലുന്നതായതിനാല്‍ മറ്റു രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വിശ്വാസ്യതയുണ്ടാകും. സ്ത്രീകള്‍ തൊഴില്‍നേടുന്നത് കുടുംബവരുമാനത്തിന് നേട്ടമാണ്.
പല സ്വകാര്യ ഏജന്‍സികളും വലിയ വാഗ്ദാനം നല്‍കി വിദേശത്തൊഴിലിനു കൊണ്ടുപോകുകയും പറഞ്ഞ ശമ്പളവുമൊന്നും കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യം പലര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്. നോര്‍ക്കവഴി സുരക്ഷിതരായി റിക്രൂട്ട് ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി പ്രാപ്തരാക്കാനാകണമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ നോര്‍ക്ക-റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നോര്‍ക്ക-റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും അജിത്ത് കോളശ്ശേരി നന്ദിയും പറഞ്ഞു.
500 പേരെയാണ് കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലിന് ആവശ്യമുള്ളത്.  കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജല്ലകളില്‍ നിന്നുള്ളവരാണ് ആദ്യ ബാച്ചിലുള്ളത്. കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ അല്‍ ദുര കമ്പനിയുമായി ചേര്‍ന്നാണ് ഈ വിദേശ റിക്രൂട്ട്‌മെന്റ് പരിപാടി ആവിഷ്‌കരിച്ചിട്ടുളളത്. 110 കുവൈറ്റ് ദിനാര്‍ ആണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി. ഇതുകൂടാതെ, താമസിക്കാന്‍ പ്രത്യേക എസി മുറി, ഭക്ഷണം എന്നിവയും സൗജന്യമായി ലഭിക്കും.
ആദ്യബാച്ചില്‍ ഉള്‍പ്പെട്ട 16 വനിതകള്‍ക്ക് ഏകദിന പരിശീലനവും നോര്‍ക്ക-റൂട്ട്‌സ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സിയുമായി വ്യക്തമായ ധാരണാപത്രം ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ്. എല്ലാ സേവനങ്ങളും സൗജന്യമാണ്. ഇന്ത്യയില്‍തന്നെ ആദ്യ സംരംഭമാണ് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്നത്.ഓണ്‍ലൈന്‍ മുഖേനയോ വെള്ളക്കടലാസില്‍ എഴുതി നേരിട്ടോ തപാലിലോ അയച്ചാല്‍ മതി. പാസ്‌പോര്‍ട്ടില്ലാത്തവര്‍ അതിനായി അപേക്ഷിക്കുകയും വേണം. 30നും 45നും ഇടയിലുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.