പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ രംഗത്തുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കുന്നതിനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച മെമ്മോറാണ്ടം ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്ക്  കൈമാറി.   നെടുമ്പാശ്ശേരി സാജ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തിലാണ് മെമ്മോറാണ്ടം കൈമാറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദഗ്ധരടങ്ങിയ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു ടീമിനെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേരളത്തിലേക്ക് അയയ്ക്കും.  ദീര്‍ഘകാല അടിസ്ഥാനത്തില്‍  ആവശ്യമുള്ളവ,  ഹ്രസ്വകാല ഘട്ടത്തിലേക്ക് അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യരംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനആരോഗ്യവകുപ്പ് വഹിച്ച പങ്കിനെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. രോഗപ്രതിരോധ രംഗങ്ങളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  സംസ്ഥാന നടത്തിയ നിപ്പ പ്രതിരോധം വളരെ ശ്രദ്ധാര്‍ഹമാണ്.  നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സമയം മുതല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വളരെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രളയത്തെ തുടര്‍ന്ന് എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനും കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തെ പശ്ചാത്തല സൗകര്യം പലയിടത്തും തകര്‍ന്നുപോയെന്നും ആശുപത്രികള്‍ക്കും  ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ കേന്ദ്രസഹായം അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.  പ്രളയത്തെ തുടര്‍ന്ന് ആവശ്യമായി വന്ന മരുന്നുകള്‍ , ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യവിഭാഗം ജീവനക്കാരുടെയും സേവനം എന്നിവ സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി ശൈലജ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ താല്‍ക്കാലികമായി ഡോക്ടറെയും മറ്റ് ജീവനക്കാരെയും കൂടുതലായി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും  പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

പ്രളയസമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെയും മരുന്നുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്ത് എത്തിച്ചിരുന്നു. വെള്ളപ്പൊക്കത്തിനിരയായവരുടെ സാമൂഹ്യ-മാനസികനില വിലയിരുത്താനും കൗണ്‍സലിങിനുമായി നിംഹാന്‍സില്‍ നിന്ന് 40 അംഗ ടീമിനെയും അയച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായം തുടരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആരോഗ്യരംഗത്തുണ്ടായ നഷ്ടങ്ങളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള കണക്കുകള്‍ അവതരിപ്പിച്ചു. സംസ്ഥാനസര്‍ക്കാരും ആരോഗ്യവകുപ്പുദ്യോഗസ്ഥരും നടത്തിയ കൃത്യമായ ഇടപെടല്‍ മൂലം പ്രളയത്തെത്തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന്  കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുധന്‍ പറഞ്ഞു.  പകര്‍ച്ചവ്യാധികളും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത് ഈ ഇടപെടല്‍ കൊണ്ടാണെന്ന് സെക്രട്ടറി പറഞ്ഞു.  ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍, എന്‍എച്ച്എം സംസ്ഥാനമിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള,  ഡിഎച്ച്എസ് ഡോ ആര്‍ എല്‍ സരിത, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ റംല ബീവി തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു