ഏറണാകുളം ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

മാലിന്യസംസ്കരണത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച കർമ്മപദ്ധതി പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്ക ണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തെ മുൻനിർത്തി രണ്ട് മാസം നീണ്ടുനിൽ ക്കുന്ന കർമ്മ പദ്ധതിയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പാക്കുന്നത്. ജനപ്രതിനിധികൾ ബോധവൽക്കരണം നടത്തി ജന പങ്കാളിത്തോടെ വേണം പദ്ധതി നടപ്പിലാക്കാനെന്നും ഹരിതകർമസേന കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉറവിടത്തിൽ തന്നെ മാലിന്യസംസ്കരണം സാധ്യമാക്കണം. ഇതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും നൽകും. ജില്ലയുടെ മാലിന്യ സംസ്കരണം വിലയിരുത്താൻ കോടതി പ്രത്യേക അമിക്കസ്ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിൽ എറണാകുളത്തെ ഒരു മോഡൽ ജില്ലയാക്കി മാറ്റണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള ഏത് പദ്ധതിയും ഏറ്റെടുത്തു നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ജില്ലയുടെ പദ്ധതി പുരോഗതി അദ്ദേഹം അവതരിപ്പിച്ചു. ജില്ലയിലെ 85 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. കെ. തുളസി, അനിത ടീച്ചർ, ശാരദ മോഹൻ, ഷൈമി വർഗീസ്, എ.എസ്. അനിൽകുമാർ, മനോജ്‌ മൂത്തേടൻ, സനിതാ റഹിം, റീത്ത പോൾ, ജമാൽ മണക്കാടൻ, ബെനഡിക്ട് ഫെർണാണ്ടസ്, പി.കെ ചന്ദ്രശേഖരൻ, മാത്യൂസ് വർക്കി, ടി.പി. പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.