ആലപ്പുഴ: എ. സി റോഡിലെ വെള്ളം തിങ്കളാഴ്ച കൊണ്ട് പൂര്‍ണമായും വറ്റിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.എ. സി റോഡിലെയും കുട്ടാനാട്ടിലേയും വെള്ളം പമ്പ് ചെയ്തു കളയുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.
മണിക്കൂറില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ ശേഷിയുള്ള പമ്പുകളാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. മണിക്കൂറില്‍ എട്ട് ലിറ്ററോളം ഡീസലാണ് ഇവയുടെ പ്രവര്‍ത്തന ക്ഷമത. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 150 കുതിര ശക്തിയുള്ള രണ്ട് ഇലക്ട്രിക്ക് പമ്പുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിലേക്കാവശ്യമുള്ള ഊര്‍ജ്ജം സംഭരിക്കാനായി കെ.സി.ഇ.ബി. താല്‍കാലികമായി 250 കിലോ വാട്ടിന്റെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പാടശേഖരങ്ങളില്‍ നിന്നു വെള്ളം വറ്റിക്കുന്നതിന് 34 പമ്പുകളാണ് കുട്ടനാട്ടില്‍ എത്തിച്ചിരിക്കുന്നത്. 32 ഹോഴ്സ് പവറുള്ള പതിനാറ് മോട്ടറുകള്‍ കൂടി അടുത്ത ദിവസങ്ങളിലായി കുട്ടനാട്ടില്‍ എത്തിക്കും.
മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കാനാണ് ലക്ഷ്യം. ആറ് ഇഞ്ച് വലുപ്പമുള്ള ഹോസ് വഴിയാണ് പാടശേഖരങ്ങളില്‍ നിന്നും വെള്ളം പമ്പു ചെയ്തു കളയുന്നത്. യു.എസ്. ആസ്ഥാനമായ കമ്പനിയില്‍ നിന്നും എത്തിച്ച പമ്പുകളും കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്‌കൂളുകളുള്ള പാടശേഖരങ്ങളാണ് ആദ്യ ഘട്ടത്തില്‍ വറ്റിക്കുന്നത്. കൈനകരി പരുത്തിവളവ്, വടക്കേ വാവക്കാട് എന്നീ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്.
എന്നാല്‍ രണ്ടായിരത്തോളം മോട്ടറുകളില്‍ വെള്ളം കയറി പ്രവര്‍ത്തന രഹിതമായിരുന്നു. ഇതും ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും.
കൈനകരിയിലെ മടവീഴ്ചയുണ്ടായ പരുത്തിവളവ്, വടക്കേ വാവക്കാട്, കനകശ്ശേരി, വലിയകരി, മീനപ്പള്ളി, ഇരുമ്പനം, വലിയതുരുത്ത്, നടുതുരുത്ത്, കന്നിട്ടകായല്‍, കുപ്പപ്പുറം, ഉമ്പിക്കാട്ടുശ്ശേരി, പഴുപറം എന്നീ പാടശേഖരങ്ങളിലാണ് നിലവില്‍ പമ്പിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ബാര്‍ജ്ജുകളില്‍ ഉറപ്പിച്ചാണ് വലിയ ശേഷിയുള്ള പമ്പുകള്‍ പാടശേഖരങ്ങളില്‍ എത്തിച്ചത്
