ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് വില്യാപ്പള്ളി പഞ്ചായത്ത് യോഗം ചേർന്നു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പരിധിയിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ രജിത, സിമി കെ.കെ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് തല സമിതി രൂപീകരിക്കാനും ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്താനും യോഗത്തിൽ തീരുമാനമായി. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും മലിനജലം പൊതു ഇടങ്ങളിലേക്ക് ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുബീഷ സ്വാഗതം പറഞ്ഞു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശാവർക്കർമാർ, ഹരിത സേനാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.