എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം പാലക്കാട് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുഴയൊഴുകുന്നതും പക്ഷിമൃഗാദികളുടെയും ശബ്ദ സജ്ജീകരണങ്ങളോടെ  ഉള്‍ക്കാട് ചിത്രീകരിച്ചുള്ള സെല്‍ഫി പോയിന്റ് ഒരുങ്ങുന്നു. മേള നടക്കുന്ന ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്നിലാണ് 12 അടി ഉയരത്തിലും 15 അടി വീതിയിലുമായി സെല്‍ഫി പോയിന്റ് സജ്ജമാക്കുന്നത്.  ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് എന്റെ കേരളം പ്രദര്‍ശന മേള സംഘടിപ്പിക്കുന്നത്.

‘ജീവിക്കാം പ്രകൃതിയെ നോവിക്കാതെ’ എന്ന സന്ദേശം പകര്‍ന്നാണ് സെല്‍ഫി പോയിന്റ് നിര്‍മിച്ചിരിക്കുന്നത്. ത്രീ-ഡി എഫക്റ്റിലാണ് പച്ചത്തുരുത്തുകളും കാടും കാടിന്റെ ശബ്ദ സജ്ജീകരണവും ഉള്‍പ്പെടുത്തി സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്. സെല്‍ഫി എടുക്കുന്നതോടൊപ്പം ഒരു വനത്തില്‍ അകപ്പെട്ട അനുഭൂതി കൂടിയാണ് സെല്‍ഫി പോയിന്റിലൂടെ സൃഷ്ടിക്കപ്പെടുന്നത്.