ഉരുള്‍പൊട്ടലുണ്ടായ ചിറ്റാര്‍, സീതത്തോട് മേഖലകള്‍ അടൂര്‍ പ്രകാശ് എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം അഞ്ചു പേരാണ് സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളിലായി മരണപ്പെട്ടത്. ചെറുതും വലുതുമായ 40 ഓളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്.
നിരവധി വീടുകള്‍ വാസയോഗ്യമല്ലാത്ത വിധം നശിച്ചു. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. റോഡുകള്‍ കുത്തൊഴുക്കില്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ തേക്കുംമൂട് മുണ്ടന്‍പാറ, മീന്‍കുഴി എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ക്ക് ഭീതി വിട്ടു മാറിയിട്ടില്ല. തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ എംഎല്‍എയോടും ജില്ലാ കളക്ടറോടും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം പി.വി. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലേഖാ സുരേഷ്, രവി കലാ എബി, വൈസ് പ്രസിഡന്റുമാരായ ജി. നന്ദകുമാര്‍, രാജു വട്ടമല, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.