സഹായം പല രൂപത്തിലാണ് നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.. പ്രളയം ഈ നാടിനെയാകെ തളര്‍ത്തിയപ്പോള്‍ നാം അത് നേരിട്ട് കണ്ടതുമാണ്. പലയിടങ്ങളില്‍ നിന്നാണ് സഹായഹസ്തം നമുക്കരുകിലേക്ക് എത്തിയത്.. ആറന്മുളക്കാര്‍ക്ക് അരികിലേക്ക്
സഹായഹസ്തവുമായി എത്തിയ അനേകം പേരില്‍  ശ്രദ്ധേയരായി മാറിയവരാണ്  കോയമ്പത്തൂരില്‍ നിന്നുള്ള രംഗനാഥനും മകന്‍ മണികണ്ഠനും.
വെള്ളം കയറി നശിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ല എന്ന് ആറന്മുള നിവാസികള്‍ ആശങ്കപ്പെട്ടിരുന്ന അവസരത്തിലാണ് ഇവര്‍ ജില്ലയില്‍ എത്തിയത്..
വെള്ളപ്പൊക്കത്തില്‍ നശിച്ച വീടുകളിലെ ഇലക്ട്രിക് വയറിംഗ്, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവ നന്നാക്കി ഇരുവരും റണ്ണിംഗ് കണ്ടീഷനിലാക്കി. പ്രളയം പെയ്‌തൊഴിഞ്ഞതിനു ശേഷം കിടപ്പാടം ഉള്‍പ്പെടെ സര്‍വവും നഷ്ടപെടുമെന്ന് കരുതിയ ആറന്മുളക്കാര്‍ക്ക് ആശ്വാസം പകരാന്‍ 52 കാരനായ രംഗനാഥനും 24 കാരനായ മകന്‍ മണികണ്ഠനുമായി.
പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് ഇരുവരും അറിഞ്ഞത്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല . ഓഗസ്റ്റ് 23 ന് ബൈക്കു മെടുത്ത് കോയമ്പത്തൂരില്‍ നിന്ന് ഇവര്‍ തിരുവനന്തപുരത്തെത്തി. പിന്നീട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സ്ഥിതിഗതികള്‍ മനസിലാക്കി ഇരുവരും പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലെത്തി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ ആറന്മുളയിലേക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹാണ് ഇരുവരേയും അയച്ചത്.
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് പ്രസാദ് വേരിങ്കല്‍ എന്നിവരുടെ സഹായത്തോടെ വെള്ളപ്പൊക്കത്തില്‍ നശിച്ച 47 വീടുകളിലെ ഇലക്ട്രിക് വയറിംഗ്, ഫാന്‍, മിക്‌സി, വാഷിംഗ് മെഷീന്‍ തുടങ്ങി എല്ലാ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും നന്നാക്കി റണ്ണിംഗ് കണ്ടീഷനിലാക്കി. ഒപ്പം പ്ലംബിംഗ് വര്‍ക്കുകളും ചെയ്തു. യാതൊരു പ്രതിഫലവും വാങ്ങാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളോടൊപ്പം ഭക്ഷണം കഴിച്ചും അന്തിയുറങ്ങിയും അച്ഛനും മകനും കഴിഞ്ഞു. ഇങ്ങനെ ഇരുവരും 10 ദിവസം ആറന്മുളയില്‍ നിസ്വാര്‍ഥ സേവനം നടത്തി. യാത്രാ ക്ഷീണമോ, പ്രായമോ വകവയ്ക്കാതെ രംഗനാഥനും മകനും കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍  ഇലക്ട്രിക് വര്‍ക്കുകള്‍ അതിവേഗം പൂര്‍ത്തിയായി. പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടിയാണ് തങ്ങള്‍ എത്തിയതെന്നും, പ്രതിഫലം തന്ന് അതിന്റെ മാറ്റ് കുറയ്ക്കരുതെന്നും ഇവര്‍ പറഞ്ഞു.
ഈമാസം നാലിന് വൈകിട്ട് കോയമ്പത്തൂരിലേക്ക് തിരിച്ചു പോയ രംഗനാഥനും മണികണ്ഠനും ആറന്മുള വില്ലേജ് ഓഫീസില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.  സ്‌നേഹോപഹാരമായി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമനും വില്ലേജ് ഓഫീസര്‍ അനിതാ ദേവിയും ജീവനക്കാരും അച്ഛനും മകനും ആറന്മുള കണ്ണാടി നല്‍കിയാണ് യാത്രയാക്കിയത്. വൈസ് പ്രസിഡന്റ് പ്രസാദ് വേരിങ്കല്‍, റവന്യു ജീവനക്കാരായ രാജീവ്, സിദ്ദിക്ക്, ജഗദീഷ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ഇവിടെയെത്തി നിസ്വാര്‍ഥ സേവനം ചെയ്ത തമിഴ് മക്കളേ നിങ്ങളെ ആറന്മുളക്കാര്‍ ഒരിക്കലും മറക്കില്ല. നിങ്ങള്‍ക്ക് ഞങ്ങളുടെ വക ബിഗ് സല്യൂട്ട്…