പത്തനംതിട്ട: പ്രളയത്തിന് ശേഷം പൊടിശല്യം രൂക്ഷമായ ആറന്മുളയില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ വീണ്ടും ശുചീകരണം നടത്തി. ജില്ലയില്‍ പ്രളയം ഏറെ നാശം വിതച്ച പ്രദേശമാണ് കോഴഞ്ചേരി തെക്കേമല മുതല്‍ ആറാട്ടുപുഴ വരെയുള്ള ഭാഗം. വെള്ളം ഇറങ്ങിയ ശേഷം അടിഞ്ഞു കൂടിയ ചെളിയാണ് ഇപ്പോള്‍ പ്രളയത്തേക്കാള്‍ വലിയ വില്ലനായിരിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ വെള്ളം ഇറങ്ങിയ ശേഷം നേരത്തെ ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പ്രദേശം പൂര്‍വസ്ഥിതിയിലേയ്ക്ക് മടങ്ങവേ പൊതുജനങ്ങളെയും വ്യാപാരികളെയും പൊടിശല്യം ഏറെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ വീണ്ടും ശുചീകരണം നടത്തിയത്.
ആറന്മുള ഐക്കര ജംഗ്ഷന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും വ്യാപാരികളുടേയും പ്രദേശവാസികളുടേയും സഹകരണത്തോടെ ശുചീകരിച്ചു. വെള്ളപ്പൊക്കത്തിന് ശേഷം അടിഞ്ഞു കട്ടപിടിച്ച ചെളി ഫയര്‍ഫോഴ്‌സ് വെള്ളം ഉപയോഗിച്ച് ഇളക്കി. തുടര്‍ന്നാണ് ശുചീകരണം നടത്തിയത്. വെള്ളത്തിന്റെ ശക്തിയിലും പോകാത്ത ചെളികള്‍ എല്ലാവരും ചേര്‍ന്ന് തുടച്ചു നീക്കുകയായിരുന്നു.  റോഡ്, കടകളുടെ ഷട്ടര്‍, വരാന്ത, ആല്‍ത്തറ തുടങ്ങിയിടങ്ങളാണ് വൃത്തിയാക്കിയത്. വരും ദിവസങ്ങളില്‍ മറ്റ് ഭാഗങ്ങളിലും ഇതുപോലെ ശുചീകരണം നടത്തുമെന്ന് എം എല്‍ എ പറഞ്ഞു. നേരത്തേ നടത്തിയ ശുചീകരണത്തില്‍ ഇവിടെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, പഞ്ചായത്തംഗങ്ങള്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ബി.ബിനു, അഗ്‌നിശമന സേനാംഗങ്ങള്‍,  വ്യാപാരികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.