തവനൂർ ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘സേവ് ലൈഫ്’ ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങൾക്കുള്ള കിറ്റ് വിതരണവും നടത്തി. തൃക്കണാപുരം ജി.എൽ.പി സ്‌കൂളിൽ നടന്ന പരിപാടി ഡോ. കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലീ രോഗങ്ങൾ തടയുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും രക്ത സമ്മർദ്ദം, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിച്ച് രോഗ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വാർഡുതലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പരിശോധന പൂർത്തീകരിക്കും. ഇതിന് ശേഷം 18 വയസ്സിനു മുകളിലുള്ളവരുടെ രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുടെ അടിസ്ഥാനത്തിൽ ആരോഗ്യ സ്ഥിതിവിവശേഖരണവും വിലയിരുത്തലും നടത്തും.
വ്യായാമമുറയ്ക്ക് ആവശ്യമായ കേന്ദ്രങ്ങൾ ആരംഭിക്കാനും ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്താനുമായി ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് പേഷ്യന്റ് ബുക്ക് നൽകും. രോഗം നേരത്തെ കണ്ടെത്തി നിയന്ത്രിച്ച് ജീവിതം സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തുടർന്ന് തവനൂർ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ 400 വയോജനങ്ങൾക്ക് പോഷകാഹാര കിറ്റും വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, എ.കെ പ്രേമലത, പി.എസ് ധനലക്ഷമി, മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വിജയ് ശങ്കർ, സെക്രട്ടറി ടി.അബ്ദുൾ സലീം, ഡോ. എം.ബി ശരത്ത്, കെ.കെ. പ്രജി, എ. അബ്ദുല്ല, ആർ. രാജേഷ്, കെ.കെ ജീജ, രാജേഷ് പ്രശാന്തിയിൽ, കെ.പി വേണു എന്നിവർ പങ്കെടുത്തു.