വെളിയനാട് : ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം ഇവിടുത്തെ പ്രത്യേകതകളും നേരിട്ട് പഠിച്ച് റിപ്പോർട് തയ്യാറാക്കുവാൻ ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പഠനസംഘം കുട്ടനാട്ടിൽ എത്തി. പ്രൊഫ. അമിതാ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് ഹർത്താൻ ദിനത്തിൽ കുട്ടനാടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രളയക്കെടുതി റിപ്പോർട്ട് തയ്യാറാക്കുന്നത്.് അപ്പർകുട്ടനാട് മേഖലയോട് ഏറ്റവും അടുത്ത പ്രദേശമായ എടത്വായിൽ സംഘം കൂടുതൽ സമയം ചെലവഴിച്ചു. വിവിധ സംഘടനകളുടെ ഭാരവാഹികളുമായും ചർച്ച നടത്തി. കരകവിഞ്ഞൊഴുകി ജനത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ നദികൾ പലതും വേനൽക്കാലത്തെക്കാൾ വരണ്ട അവസ്ഥയിലാണ്. ഒരാഴ്ച മുമ്പ് വരെ ഇരുകര മുട്ടി ഒഴുകിയ
പമ്പാനദിയിലും പ്രളയക്കാലത്ത് ജലം ഏറ്റവും കൂടുതൽ ഉയർന്ന ചില ഭാഗങ്ങളിലും ജലവിതാനം ക്രമാതീതമായി താഴ്ന്നിരിക്കുന്നു. പ്രളയകാലത്ത് നിറഞ്ഞു തുളുമ്പിയ കിണറുകൾ എടത്വാ അടക്കമുള്ള പ്രദേശങ്ങളിൽ വറ്റി തുടങ്ങി. പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉൾപെടെയുള്ള മാലിന്യങ്ങൾ വലിച്ചെടുത്തു കൊണ്ട് പോയതിനാൽ ഇതുമൂലം ചിലയിടങ്ങളിൽ ജലാശയങ്ങളുടെ ആഴംവർദ്ധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും മഴകുറവും ജലനിരപ്പ് താഴുവാൻ കാരണമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ്താൽ കടുത്ത വരൾച്ചയും ശുദ്ധജല ക്ഷാമവും കേരളം നേരിടേണ്ടിവരുമെന്ന് സംഘം വിലയിരുത്തി.