പ്രളയക്കെടുതിയിൽ നിന്നു കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി തിരുവനന്തപുരം താലൂക്ക് രണ്ടു മണിക്കൂർ കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 2.85 കോടി രൂപ. ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വി.ജെ.റ്റി ഹാളിൽ സംഘടിപ്പിച്ച ധനസഹായ ശേഖരണയജ്ഞത്തിന് പിന്തുണയുമായി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ ഒഴുകിയെത്തി.
തിരുവനന്തപുരം കോർപ്പറേഷനാണ് ഏറ്റവുമധികം തുക സഹായമായി നൽകിയത്. 1.04 കോടിയുടെ ചെക്ക് മേയർ വി.കെ പ്രശാന്ത് മന്ത്രിക്ക് കൈമാറി. തിരുവനന്തപുരം താലൂക്ക് 50 ലക്ഷവും കഠിനംകുളം ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപയും പോത്തൻകോട് ബ്ലോക്ക് 20.91 ലക്ഷം രൂപയും മംഗലപുരം ഗ്രാമപഞ്ചായത്ത് 17 ലക്ഷം രൂപയും  പോത്തൻകോട് ഗ്രാമപഞ്ചായത്ത് 15.70 ലക്ഷം രൂപയും മന്ത്രിക്ക് കൈമാറി.
സർക്കാർ വകുപ്പുകൾക്കു പുറമേ വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളും റസിഡന്റ്‌സ് അസോസിയേഷനുകളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമടക്കം അകമഴിഞ്ഞ് സഹായവുമായെത്തി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ ജ്യോതിലാൽ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, എ.ഡി.എം വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, തഹസിൽദാർ സുരേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.