ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്
പത്തൊൻപത് വർഷത്തെ സർക്കാർ സർവീസിലെ നീക്കിയിരിപ്പിന്റെ ഒരു വിഹിതം ദുരിതബാധിതർക്കായി നൽകി ആയിഷ. പി.എഫ് നിക്ഷേപത്തിന്റെ പലിശയായ 96,000 രൂപയുടെ കൂടെ നാലായിരം രൂപകൂടി ചേർത്ത് ഒരു ലക്ഷം രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയപ്പോൾ സദസ്സ് ഒന്നടങ്കം ഹർഷാരവത്തോടെ ആദരവ് നൽകി. ആനയറ അൽ-സബൂറിൽ എച്ച്. നിസാറിന്റെ ഭാര്യ ബി. ആയിഷ തിരുവനന്തപുരം താലൂക്ക് ഓഫീസിലെ ക്ലാർക്കാണ്.
പി.എഫിന്റെ പലിശ പൊതുനന്മയ്ക്ക് ഉപയോഗിക്കണമെന്ന് നേരത്തെ തീരുമാനിച്ചതായി ആയിഷ പറഞ്ഞു. ദുരിതബാധിതർക്ക് സഹായം ചെയ്യേണ്ട സമയം ഇതാണെന്നും തുക ഫലപ്രദമായി വിനിയോഗിക്കപ്പെടുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നും അവർ പറഞ്ഞു.