തിരുവനന്തപുരം: ഓണസദ്യയ്ക്കും പൂക്കളമിടാനും സ്വരൂപിച്ച പണം അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നാടിനെ പുനർനിർമിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് സ്‌കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മൂന്നു ലക്ഷം രൂപ. 214 ഓളം ക്ലാസുകളിലെ വിദ്യാർഥികൾ ഓണത്തിനു പൂക്കളമിടാനും സദ്യയടക്കമുള്ള ആഘോഷങ്ങൾ നടത്താനുമായി സ്വരൂപിച്ച രണ്ടേകാൽ ലക്ഷം രൂപയോടൊപ്പം എഴുപത്തിഅയ്യായിരം രൂപ കൂടി ശേഖരിച്ചാണ് മൂന്നു ലക്ഷം രൂപ പ്രിൻസിപ്പൽ ഫാ. സി.സി. ജോണിന്റെ നേതൃത്വത്തിൽ ഇന്നലെ ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയത്. നിറഞ്ഞ കൈയടികൾക്കു നടുവിൽ മന്ത്രി തുക ഏറ്റുവാങ്ങി. വിദ്യാർഥികൾ കാട്ടുന്ന സഹായമനോഭാവം നാടിനു മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ലളിതകുമാരി, ഹെഡ്മാസ്റ്റർ എബി എബ്രഹാം, പി.റ്റി.എ. പ്രസിഡന്റ് എ. ജയകുമാർ, സ്റ്റാഫ് സെക്രട്ടറി ആശിഷ് വൽസലം എന്നിവർ പങ്കെടുത്തു. ദുരിതബാധിതർക്ക് എത്തിക്കാൻ പതിനെട്ടര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ശേഖരിച്ചു നൽകിയും സ്‌കൂൾ മാതൃകയായിരുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.