കലക്ട്രേറ്റിനെ മാലിന്യമുക്തമാക്കാന്‍ സമയബന്ധിത പദ്ധതിക്ക് കര്‍ശന നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സംസ്‌കരിക്കാന്‍ ബയോ ഡീഗ്രേഡിബിള്‍ പരിപാലനം ഒരുക്കും. തുമ്പൂര്‍മുഴി മോഡല്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഇതിനായി തയാറാക്കും. ശുചിത്വ മിഷന്‍, ക്‌ളീന്‍ കേരള കമ്പനി എന്നിവ മേല്‍നോട്ടം വഹിക്കും. ഓഫീസുകള്‍ കേന്ദ്രീകരിച്ച് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പാക്കും. എല്ലാ ഓഫീസുകളിലും ഏപ്രില്‍ 10ന് മുമ്പ് ബിന്നുകള്‍ എത്തിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഓരോ ഓഫീസിലും ഉണ്ടായിരിക്കണം. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഹരിതകര്‍മ സേനയെ ഉപയോഗിക്കും. കലക്ട്രേറ്റിലുള്ള ഉപയോഗ ശൂന്യമായ ഫര്‍ണീച്ചറുകളുടെയും മറ്റ് സാധങ്ങളുടെയും വിവരം ഏപ്രില്‍ അഞ്ചിനകം ലഭ്യമാക്കണം. ഇവ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.
ജീവനക്കാര്‍ വീടുകളിലും മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിക്കുന്നത് ഉറപ്പാക്കാന്‍ ഏപ്രില്‍ അഞ്ചിനകം സമ്മതപത്രം നല്‍കണം. ലീഗല്‍ സര്‍വീസ് അതോറിറ്റി ഉള്‍പ്പെടെയുള്ളവ ഇത് പരിശോധിക്കും. മാലിന്യ മുക്തപ്രവര്‍ത്തനങ്ങള്‍ക്ക് കലണ്ടര്‍ തയാറാക്കാനും യോഗത്തില്‍ തീരുമാനമായി.
എ ഡി എമ്മിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി ഓരോ ആഴ്ചയും പുരോഗതി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 30നകം കലക്ട്രേറ്റ് മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
എ ഡി എം ആര്‍ ബീനാറാണി, സബ് കലക്ടര്‍ മുകുന്ദ് ഠാകൂര്‍, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സജു, ജില്ലാ ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.