ട്രാൻസ് ജെൻഡർ സമൂഹത്തിനായി കൂടുതൽ പദ്ധതികൾ ഒരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ക്ലിനിക്കായ മാരിവില്ലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലും മെച്ചപ്പെട്ട സൗകര്യങ്ങളും നൽകി ട്രാൻസ് ജെൻഡർ സമൂഹത്തിനെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളെ സമൂഹം കൂടുതൽ ചേർത്ത് പിടിക്കണമെന്ന് ഉമ തോമസ് പറഞ്ഞു. തൊഴിൽ മേഖലകളിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന് കൂടുതൽ പരിഗണന നൽകണമെന്നും എംഎൽഎ പറഞ്ഞു. ഏത് സമയത്തും വിളിപ്പുറത്തെത്തുന്ന സഹോദരനായി താനുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022-23ൽ ഉള്‍പ്പെടുത്തിയാണ് മാരിവില്ല് – ട്രാൻസ്ജെൻഡർ വിഭാഗത്തിനുളള പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ നിന്നുളള ഡോക്ടര്‍ തന്നെയാണ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുക. വൈറ്റില മൊബിലിറ്റി ഹബ്ബിനു സമീപമാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്.

ഡോക്ടര്‍ക്കു പുറമേ ഒരു നഴ്‌സ്, രണ്ടു വോളന്റിയേഴ്‌സ്, ഒരു ഓഫീസ് സ്റ്റാഫ് എന്നിവരുടെ സേവനവും ലഭിക്കും. പരിശോധന, ചികിത്സ എന്നിവയോടൊപ്പം ഓരോ ട്രാൻസ്ജെൻഡറിനേയും കണ്ടെത്തി ആവശ്യമായ അവബോധം നൽകുന്നതും വിദഗ്ദ്ധ ചികിത്സ ആവശ്യമുളളവരെ അതിനായി സഹായിക്കുന്നതും ഈ പരിപാടിയുടെ ഭാഗമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി പ്രകാശ് ,വൈസ് പ്രസിഡന്റ് സനിത റഹീം,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോര്‍ജ്ജ്, എ.എസ്. അനില്‍കുമാര്‍, മനോജ് മൂത്തേടന്‍, കെ.വി. രവീന്ദ്രൻ, അനിമോൾ ബേബി, സഹൃദയ അസി. ഡയറക്ടർ സിബിൻ മനയംപിളളി, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫിസർ ജോബി തോമസ്, സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ ,സമൃദ്ധി വെൽഫെയർ സർവ്വീസ് ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ എന്നിവർ പങ്കെടുത്തു.