പാലക്കാട്: പ്രളയക്കെടുതികളുടെ ഭീകര ദൃശ്യങ്ങള്‍ ടി.വിയിലൂടെ കണ്ടപ്പോഴാണ് വെള്ളം കയറാത്ത തന്റെ ഒരേക്കര്‍ 10 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിട്ടുനല്‍കാന്‍ തൃക്കടീരി സ്വദേശി അബ്ദുഹാജി തീരുമാനിച്ചത്. തൃക്കടീരി ആശാരിത്തൊടി വീട്ടില്‍ അബ്ദുഹാജി നെല്ലായ നാരായമംഗലത്തുള്ള സ്ഥലമാണ് വിട്ടുനല്‍കിയത്. തന്റെ തീരുമാനം മക്കളായ ഫൈസല്‍, സാബിര്‍, സമീര്‍, സജീന എന്നിവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കും സന്തോഷം.വര്‍ഷങ്ങളായി മുംബൈയിലും ഗള്‍ഫിലും ജോലി ചെയ്ത് സ്വരൂപിച്ച് വാങ്ങിയ ഭൂമിയില്‍ അര്‍ഹരായവര്‍ക്ക് വീട് വച്ചു നല്‍ക്കണമെന്നാണ് ഹാജിയുടെ ആഗ്രഹം.. ഇപ്പോള്‍ മക്കളോടൊപ്പം വിശ്രമ ജീവിതത്തിലാണ് ഇദ്ദേഹം. ഒരു സെന്റിന് ഉദ്ദേശം 50,000 രൂപയിലേറെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലവില കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ ഏകദേശം അഞ്ചുകോടിയിലധികം വിലമതിക്കുന്ന സ്ഥലമാണ് അബ്ദുഹാജി നല്‍കിയതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
