പാലക്കാട് ജില്ല  സമാനതകളില്ലാത്ത പ്രളയം നേരിട്ടപ്പോള്‍ കൂടെ നിന്ന പൊതുജനങ്ങളും ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരുമെല്ലാം തുടര്‍ന്നും കൈകോര്‍ത്താല്‍ നവകേരള സൃഷ്ടിയും ദുരിതബാധിതരുടെ പുനരധിവാസവും ഫലപ്രദമായി നടപ്പാക്കാനാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. മഴക്കെടുതിയില്‍ നിന്ന് കരകയറാന്‍ നവകരളം സൃഷ്ടി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി  ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നടന്ന ധനസമാഹരണ പരിപാടിയ്ക്ക് നേതൃത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണം വിജയിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് സ്വത്തിന്റെ മുന്നിലൊരു ഭാഗമായ ഒരേക്കര്‍ 10 സെന്റ് സ്ഥലം തൃക്കടീരിയിലെ അബ്ദുഹാജി സര്‍ക്കാരിന് നല്‍കിയത്. അബ്ദുഹാജി നാരായമംഗലത്തെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍  പരിപാടിയില്‍ വെച്ച് മന്ത്രിക്ക് കൈമാറി. വിവാഹ സല്‍ക്കാരം വേണ്ടെന്നുവെച്ച് സി.വി വിജേഷ്-അഞ്ജു ദമ്പതികള്‍ 50,000 രൂപയും കൈമാറി. കൂടാതെ ഒട്ടേറെ സുമനസ്സുകള്‍ തങ്ങളാല്‍ കഴിയും വിധത്തിലുള്ള സഹായം നവകേരള സൃഷ്ടിക്കായി കൈമാറുകയുണ്ടായി.
ഒറ്റപ്പാലം താലൂക്കാഫിസില്‍ ക്രമീകരിച്ച പ്രത്യേക കൗണ്ടറുകളിലൂടെ ഫണ്ട് സമാഹരണം നടത്തിയത്. ജനങ്ങള്‍ നല്‍കുന്ന തുക നേരിട്ട് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനായി എസ്.ബി.ഐയുടെയും കനറാ ബാങ്കിന്റെയും ഓരോ കൗണ്ടറുകള്‍ വീതം ഒരുക്കിയിരുന്നു.
ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ.ഡി.എം ടി. വിജയന്‍, ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എം.എം നാരായണന്‍ നമ്പൂതിരി, ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, ഒറ്റപ്പാലം താലൂക്ക് ഓഫീസര്‍ എം. ബിജു, ഡെപ്യൂട്ടി തഹസില്‍ദര്‍മാര്‍,  റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഒറ്റപ്പാലം താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും സന്നിതരായി.