നാടിന്റെ സമഗ്ര വികസനത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇവയെയെല്ലാം തടസപ്പെടുത്തുന്ന സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നത്. നാട്ടിലെ നല്ല കാര്യങ്ങളും കാണാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടിലെ നല്ല കാര്യങ്ങളില്‍ സന്തോഷിക്കാത്തവരുണ്ട്. വികസനകാര്യങ്ങളിലെ വീഴ്ചകള്‍ വിമര്‍ശിക്കാം. വേഗതയില്ലായ്മയും പോരായ്മകളും വിമര്‍ശിക്കാം. അത് സര്‍ക്കാരിന്റെ കാര്യക്ഷമത ഉയര്‍ത്തും. നിരവധി പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് കേരളം വലിയ രീതിയില്‍ മുന്നേറുകയാണ്. ജനങ്ങളുടെ ഐക്യം കൊണ്ടാണ് ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞത്.
2016 മുതല്‍ 2021 വരെയുള്ള കാലം നിരവധി പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നു. ജനങ്ങളെ വിഷമത്തില്‍ നിന്ന് കരകയറ്റുന്നതില്‍ നാട് വിജയിച്ചു. അതിന് ജനങ്ങള്‍ നല്‍കിയ സാക്ഷ്യമാണ് തുടര്‍ഭരണം. ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. സര്‍ക്കാര്‍ പൊതുവായ സര്‍ക്കാരാണ്. കക്ഷിരാഷ്ട്രീയം നോക്കിയല്ല വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മതനിരപേക്ഷതയുടെ കേളീനിലമാണ് കേരളം. വര്‍ഗീയ ശക്തികളോട് വീട്ടുവീഴ്ചയില്ലായ്മ നിലനിര്‍ത്തണമെന്നാണ് എല്ലാ ജനാധിപത്യവിശ്വാസികളുടെയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.