- · കാത്ത് ലാബ്, മള്‍ട്ടി സ്പെഷ്യാലിറ്റി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
· ടെലിപീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കും
വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച കാത്ത് ലാബിന്റെയും മള്‍ട്ടി സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കുവണ്ടിയുള്ള പ്രത്യേക ആരോഗ്യ പദ്ധതികളും മുന്നേറുകയാണ്. ആദിവാസിവിഭാഗങ്ങള്‍ നേരിടുന്ന പോഷകാഹാര കുറവ്, വിളര്‍ച്ച, അരിവാള്‍ രോഗം എന്നിവ നേരത്തെ തന്നെ കണ്ടെത്തി ചികിത്സയും സഹായങ്ങളും നല്‍കുവാനുള്ള പദ്ധതികള്‍ ജില്ലയില്‍ നടക്കുന്നുണ്ട്.
പ്രസവ ചികിത്സ സംവിധാനം, ഊരുമിത്രം പദ്ധതി, അരിവാള്‍ രോഗികള്‍ക്കായുള്ള സമാശ്വാസ പദ്ധതി, ക്ഷയരോഗ നിര്‍ണ്ണയ പദ്ധതികള്‍, ആന്റി റാബിസ് ക്ലിനിക് തുടങ്ങി നിരവധി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുണ്ട്. ജില്ലയിലും സമീപ ജില്ലകളിലും ആരോഗ്യ മുന്നേറ്റത്തില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ പര്യാപ്തമായ സംവിധാനമാണ് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നടത്തപ്പെടുന്ന ഘട്ടത്തിലാണ് വയനാട് മെഡിക്കല്‍ കോളേജിലെ പുതിയ സംവിധാന ങ്ങളുടെ ഉദ്ഘാടനം നടക്കുന്നത്. കേരളത്തിലാകെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുമ്പോള്‍ ഓരോ ജില്ലയുടെയും പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഇടപെടലുകള്‍ കൂടി നടത്തുന്നു. നൂറ്ദിന കര്‍മ്മപരിപാടിയില്‍ 15896 കോടി രൂപയുടെ 1284 പദ്ധതികളാണ് നടപ്പാക്കിയത്.
വയനാട് ജില്ലയുടെ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കിയുളള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വയനാട് ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് ഹൈടെക് സ്‌കില്‍ ലാബും ഏറെ ഗുണകരമാകും. 70 ലക്ഷം രൂപ ചിലവില്‍ 2,850 ചതുരശ്ര അടിയിലാണ് ഈ ഹൈടെക് സ്‌കില്‍ ലാബ് ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് വയനാട് മെഡിക്കല്‍ കോളേജുകളെ പരസ്പരം ബന്ധിപ്പിച്ച് പീഡിയാട്രിക് ഐ.സി.യു സംവിധാനം ഒരുക്കും. ആദ്യഘട്ടത്തില്‍ വയനാടും അട്ടപ്പാടിയുമാണ് ഇതിനായി തെരഞ്ഞെടുത്തത്. ആധുനിക ആരോഗ്യ ചികിത്സാ രംഗത്ത് ജില്ലയെ സ്വയം പര്യാപ്തമാക്കാനായി എല്ലാ ചികിത്സാ സംവിധാനവും ലഭ്യമാക്കും.
രണ്ടുവര്‍ഷത്തിനുള്ളില്‍ 16 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വയനാട് മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയത്. 115 അധ്യാപക ഡോക്ടര്‍ തസ്തികകളും 25 അനധ്യാപക തസ്തികകളും ഇക്കാലയളവില്‍ സൃഷ്ടിച്ചു. പീഡിയാട്രിക് ഐ.സി.യു 30 ഓക്‌സിജന്‍ കിടക്കകള്‍ അത്യാധുനിക കേള്‍വി പരിശോധന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സിക്കിള്‍ സെല്‍ അനീമിയ സ്‌ക്രീനിങ്ങ് ക്യാമ്പുകള്‍ പുനരാരംഭിക്കാനും കഴിഞ്ഞുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍. ബീന സാങ്കേതിക റി്‌പ്പോര്‍ട്ട് അവതരിപ്പിച്ചു.ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കാത്ത് ലാബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡി.എം.ഒ ഡോ.പി ദിനീഷ്, നബാര്‍ഡ് ചീഫ് മാനേജര്‍ ഡോ. ജി. ഗോപകുമാരന്‍ നായര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.