ഏപ്രിൽ 1 മുതൽ 5 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 12 മത്സരങ്ങളുടെ ഉദ്ഘാടനം എച്ച് സലാം എം.എൽ.എ എസ്.ഡി. കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കായികതാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥി സമൂഹം വിദ്യാഭ്യാസത്തോടൊപ്പം തന്നെ കായിക പരിശീലന പരിപാടികൾ നിത്യജീവിതത്തിൽ സജീവമാക്കണമെന്നും അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോർട്ട്‌സ് കോ-ഓർഡിനേറ്റർ വിജു, ഗെയിംസ് റിപ്പോർട്ടിംഗ് ഹരിഷ് ശങ്കർ എൽ, ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, എം.കെ.ശോഭന, എസ്. സുമാ ദേവി, പി.കെ. ഉമാനാഥൻ, ശാന്തി സോളമൻ, പി.ഡി.ജോഷി എന്നിവർ സംസാരിച്ചു. ഇതേകാലയളവിൽ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരവും നടക്കുന്നുണ്ട്.
ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ആലപ്പുഴ വൈ.എം.സി.എയിൽ ടേബിൾ ടെന്നീസ് മത്സരവും അഞ്ചിന് എസ്.ഡി.വി.സെന്റീനറി ഹാളിൽ യോഗമത്സരവും നടക്കും.