കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് ഇത്തരം മാഫിയകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണ മേളയോടനുബന്ധിച്ച് ലഹരി ഉപയോഗം യുവജനങ്ങൾക്കിടയിൽ എന്ന വിഷയത്തിൽ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയയെ തുരത്തി സമൂഹത്തെ രക്ഷിക്കുക എന്ന ഉത്തരവാദിത്വം പോലീസ്, എക്സൈസ് വകുപ്പുകൾക്ക് മാത്രമല്ലെന്നും ഓരോ വ്യക്തിയുടെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസും പൊലീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിമുക്തി മിഷൻ ജില്ലാ മാനേജർ സി. സുനു അധ്യക്ഷത വഹിച്ചു.
വിമുക്തി മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ബിബിൻ ജോർജ് വിഷയാവതരണം നടത്തി. കോവിഡ് കാലം കുട്ടികളിൽ മൊബൈൽ ഉപയോഗം വർധിക്കുന്നതിനും അത് നോമോഫോബിയ പോലുള്ള അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. നോമോഫോബിയ വരുന്ന കുട്ടികളിൽ ലഹരി ഉപയോഗിക്കുവാനുള്ള പ്രവണത കൂടുതലാണെന്നും ലഹരി മാഫിയയുടെ കൈകളിൽ അകപ്പെടാതെ കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു
ശില്പശാലയിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർമാരായ കെ. അബ്ദുൽ സലാം, പി.രാജ്കുമാർ, എറണാകുളം അസി. എക്സൈസ് കമ്മീഷണർ സി.ബി. ടെനിമോൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. ഇബ്രാഹീം, കെ.കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരിയുടെ ദുരിതക്കയത്തിൽ നിന്ന് മോചിതനായ എൽദോസ് ഊരമന ലഹരി ഉപയോഗിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. തൃക്കാക്കര ഗവ. ഹോമിയോ ഡിസ്പൻസെറിയിലെ മെഡിക്കൽ ഓഫീസർ. ഡോ. ഹരീഷ് ബാബു ലഹരി വിമോചന ഹോമിയോപതി ചികിത്സയായ പുനർജനിയെ കുറിച്ച് വിശദീകരിച്ചു.