കാക്കിക്കുള്ളിലെ കലാകാരന്മാർ അരങ്ങ് തകർത്തപ്പോൾ ഒറ്റപ്പാട്ടിൽ ഒത്തിരി കാര്യങ്ങൾ പറഞ്ഞ് എക്സൈസ് വകുപ്പ്. എന്റെ കേരളം മെഗാ പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ശിൽപ്പശാലയിൽ നടത്തിയ ഫ്ലാഷ് മോബാണ് കൈയടി നേടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ജയരാജിന്റെ ഓട്ടൻ തുള്ളൽ അവതരണവും ശ്രദ്ധേയമായി.

ഒരു പെൺകുട്ടി ജനിച്ചത് മുതൽ അവളുടെ കലാലയ ജീവിതവും അതിലേക്ക് ഇടിച്ച് കയറുന്ന ലഹരിമാഫിയയും അതിൽ നിന്ന് മോചനം നൽകുന്ന എക്സൈസിന്റെയും വിമുക്തിയുടെയും പ്രവർത്തനങ്ങളുമെല്ലാം അഞ്ച് മിനുട്ട് കൊണ്ട് അവതരിപ്പിക്കുകയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ. 11 വനിത എക്സൈസ് സിവിൽ ഓഫീസർമാരും 5 എക്സൈസ് സിവിൽ ഓഫീസർമാരുമായിരുന്നു അരങ്ങിലെ ത്തിയത്.

രണ്ട് ഗാനങ്ങളാണ് ഇവർ ചേർന്ന് അവതരിപ്പിച്ചത്. കാലടി എക്സൈസ് ഓഫീസിലെ വനിത ഓഫീസറായ കെ.ജെ ധന്യയുടെ നേതൃത്വത്തിലായിരുന്നു ഫ്ലാഷ് മോബ് അരങ്ങേറിയത്. ധന്യ തന്നെയാണ് ഇതിന് വേണ്ട നൃത്ത രംഗങ്ങൾ ചിട്ടപ്പെടുത്തിയതും. ധന്യയുടെ സഹോദരിയുടെ മകൾ രണ്ടാം ക്ലാസുകാരിയായ ശ്രീനന്ദ രാജേഷ് ഒഴികെ ബാക്കി എല്ലാവരും എക്‌സൈസ് ഓഫീസർമാരായിരുന്നു. നീരജ വിഷ്ണുനാഥ്, സരിത റാണി എന്നിവരായിരുന്നു മുഖ്യ വേഷങ്ങൾ ചെയ്തത്.

എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രന്റെ നിർദ്ദേശമാണ് ജീവനക്കാരുടെ ഫ്ലാഷ് മോബ് സംഘടിപ്പി ച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരി ബോധവൽക്കരണ സന്ദേശം ഉയർത്തിക്കൊണ്ടുള്ള പി. ജയരാജിന്റെ ഓട്ടൻ തുള്ളൽ വിമുക്തിയുടെ ഭാഗമായി 350ഓളം വേദികൾ പിന്നിട്ട ശേഷമാണ് എന്റെ കേരളം വേദിയിൽ എത്തിയത്.