എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി മിഷന്റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എൽദോസ് ഊരമന. ലഹരിക്ക് അടിമപ്പെട്ടിരുന്ന കാലത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ ഓർത്തെടുത്തപ്പോൾ എൽദോസ് ഊരമനയുടെ കണ്ഠമിടറി. എന്റെ കേരളം പ്രദർശന വിപണ മേളയോടനുബന്ധിച്ച് എക്സൈസ്, പോലീസ് വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ തന്റെ അനുഭവം പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിന് അടിമപ്പെട്ടിരുന്ന കാലത്ത് ഭാര്യയും മക്കളും തന്നെ ഭയപ്പെട്ടിരുന്നതും കിട്ടുന്ന കാശിനു മദ്യം വാങ്ങുന്നതും അതു മൂലം വീട്ടുകാർ അനുഭവിക്കേണ്ടി വന്ന ദാരിദ്രവും എൽദോസ് ഓർത്തെടുത്തു. നരക തുല്യമായ തന്റെ ജീവിതത്തെ മാറ്റിമറിച്ച വിമുക്തി മിഷന്റെ ഇടപെടലിനെ അദ്ദേഹം ഇന്നും നന്ദിയോടെ സ്മരിക്കുന്നു.

മദ്യത്തിനടിമകളായ ആളുകളെ തിരികെ ജീവിതത്തിലേക്കെത്തിക്കുവാൻ തനിക്കാവും വിധം ശ്രമിക്കുമെന്നും തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് ലഹരിക്കടിമപ്പെട്ടു പോയവരുടെ കുടുംബാംഗങ്ങൾക്കായി നൽകുന്നുണ്ടെന്നും എൽദോസ് പറഞ്ഞു.