ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കും

ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ എറണാകുളം ജില്ലക്കായി തയ്യാറാക്കിയ ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർ സംയുക്തമായി ജില്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു.

ജില്ലയിലെ 13 നഗരസഭകളിലും കോർപറേഷനിലുമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 2,43,230 വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്തുന്നതിനും ജൈവ, അജൈവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത കണ്ടെത്തുന്നതിനുമുള്ള സന്ദർശനങ്ങൾ നടത്തി.

നഗരസഭകളിൽ 100 കിലോയിലധികം മാലിന്യം പ്രതിദിനം ഉത്പാദിപ്പിക്കുന്ന 2403 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത നഗരസഭകൾ അടിയന്തരമായി പൂർത്തീകരിക്കുവാനുള്ള നിർദേശം മന്ത്രിമാർ നൽകി. ജില്ലയിൽ പ്രവർത്തിച്ചു വരുന്ന എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളുടെ പരിശോധനകൾ കൂടുതൽ വ്യാപകവും കർശനവുമാക്കണമെന്നും നിർദേശിച്ചു.

കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള എം.സി.എഫ് സംവിധാനം ഏപ്രിൽ 30നകം ഏർപ്പെടുത്തണമെന്ന് യോഗത്തിൽ നിർദേശം നൽകി. കോർപറേഷൻ പരിധിയിൽ അജൈവ മാലിന്യ ശേഖരണത്തിനായി നാല് എംപാനൽഡ് ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നഗരസഭകളിലും കർമ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുന്നതിനായി തീരുമാനിച്ചു. ഉറവിട മാലിന്യ സംസ്കരണ ഉപാധികളെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിനും അവ ലഭ്യമാക്കുന്നതിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ പ്രദർശന വിപണന മേളകൾ നടത്താനും തീരുമാനമായി. ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ ഉപയോഗം സംബന്ധിച്ച് പരിശീലനം നൽകുന്നതിനായി ഹരിതകർമ സേനാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിക്കുമെന്നും യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ ടി.ജെ വിനോദ് എംഎൽഎ, പി.വി. ശ്രീനിജിൻ എംഎൽഎ, കൊച്ചി കോർപറേഷൻ മേയർ എം.അനിൽകുമാർ, നഗരസഭ അധ്യക്ഷൻമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സെക്രട്ടറിമാർ, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.