പയ്യന്നൂര്‍ ഫിഷറീസ് കോളേജ് ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വ കലാശാലയുടെ (കുഫോസ്) കീഴിലുള്ള പയ്യന്നൂര്‍ ഫിഷറീസ് കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ മത്സ്യ കയറ്റുമതിയില്‍ മുന്നില്‍ നിന്ന സംസ്ഥാനമായിരുന്നു കേരളം, ആ സ്ഥാനത്തേക്ക് വീണ്ടും ഉയരണം.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് മത്സ്യമേഖല. മത്സ്യ ഉല്‍പാദനത്തിന്റെ 25 ശതമാനം ഉള്‍നാടന്‍ മത്സ്യസമ്പത്താണ്. അത് വര്‍ധിപ്പിക്കുന്നതിനാവശ്യമായ ജലസമ്പത്ത് കേരളത്തിനുണ്ട്. ഈ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കണം-മുഖ്യമന്ത്രി പറഞ്ഞു. ഉള്‍നാടന്‍ മത്സ്യകൃഷിക്കാവശ്യമായ പ്രോത്സാഹനങ്ങളും പരിശീലനങ്ങളും ഫിഷറീസ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടപ്പാക്കണം. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ മറികടക്കാനുള്ള പരിശോധനകള്‍ നടത്തി ജനങ്ങളിലെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, മലിനീകരണം, തുടങ്ങിയവ മത്സ്യസമ്പത്ത് ശോഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത്തരം പ്രതികൂല അവസ്ഥകള്‍ക്ക് പരിഹാരം കാണണം -മുഖ്യമന്ത്രി പറഞ്ഞു.

ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. വനാമി കൃഷിയിലൂടെ വന്‍ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കേരള ഫിഷറീസ് സര്‍വകലാശാലയെ ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ മേഖലയില്‍ 9500 വീടുകള്‍ നല്‍കി. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ആദ്യ ഫിഷറീസ് കോളേജ് 1979ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 44 വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ ഫിഷറീസ് കോളേജ്  പയ്യന്നൂരില്‍ യാഥാര്‍ഥ്യമായത്. 2022 ജൂണ്‍  ഒന്നിനാണ് ഫിഷറീസ് കോളേജിന് ഭരണാനുമതി ലഭിക്കുന്നത്. ബി എഫ് എസ് സി കോഴ്സിന് 40 സീറ്റുകളാണ്  കോളേജിന് അനുവദിച്ചത്. പയ്യന്നൂരില്‍ ടെമ്പിള്‍ റോഡില്‍ 20,000 ചതുശ്ര അടിയിലുള്ള വാടക കെട്ടിടത്തിലാണ് കോളേജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പയ്യന്നൂര്‍ നഗരസഭയിലെ കോറോം വില്ലേജില്‍ പന്ത്രണ്ടര ഏക്കര്‍ സ്ഥലം കോളേജ് കെട്ടിടത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ക്ളാസുകള്‍ താല്‍ക്കാലിക വാടക കെട്ടിടത്തില്‍ നടക്കും.

കുഫോസ് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ.എം റോസലിന്‍ഡ്് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ വി സുമേഷ് എംഎല്‍എ, ടി ഐ മധുസൂദനന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, നഗരസഭാ കൗണ്‍സില്‍ അംഗം അത്തായി പത്മിനി, കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗം സി എസ് സുജാത, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, കുഫോസ് സെനറ്റ് അംഗം കെ വനജ, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. ദിനേശ് കൈപ്പിള്ളി എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.