പട്ടയകേസുകളുടെ വിചാരണ മാറ്റി

ഏപ്രില്‍ നാല് ചൊവ്വ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ഏപ്രില്‍ 19ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അജൈവ പാഴ്‌വസ്തു മാലിന്യങ്ങള്‍ കൈമാറാത്തതിന് പിഴ ശിക്ഷ

ഹരിത കര്‍മ്മ സേനയ്ക്ക് അജൈവ പാഴ്‌വസ്തു മാലിന്യം നല്‍കുന്നില്ലെന്ന പരാതിയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ടീം ആയിരം രൂപ പിഴയിട്ടു. കൂത്തുപറമ്പ് സ്റ്റേഡിയം റോഡിലെ സിറ്റി ആര്‍ക്കേഡ് കോംപ്ലക്‌സിലെ ഫുഡ്‌സോണ്‍ എന്ന സ്ഥാപനത്തിനാണ് ഹരിതകര്‍മ്മ സേനക്ക് മാലിന്യം നല്‍കാത്തതിനും ഖരമാലിന്യ സംസ്‌കരണത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനും  പിഴയിട്ടത്.  നിരോധിത ഉല്‍പന്നങ്ങളുടെ വില്‍പന, മാലിന്യം വലിച്ചെറിയലും കത്തിക്കലും, ഹരിത ചട്ടലംഘനം, നിരോധിത ഫ്‌ളക്‌സ് ഉപയോഗം എന്നിവയ്ക്കും  ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ടീം അന്വേഷിച്ച് നടപടിയെടുക്കും.

വാതില്‍പ്പടി മാലിന്യ ശേഖരണം:
സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി

അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി മാലിന്യ ശേഖരണം എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിർദേശം.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതു സേവനങ്ങള്‍ ലഭിക്കാനും അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി മാലിന്യ ശേഖരണം നടത്തിയതിന്റെ തെളിവായ യൂസര്‍ ഫീ രസീത് വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ കര്‍ശനമാക്കിയത്. ബ്രഹ്മപുരം തീപിടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടല്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഇത്. അജൈവ മാലിന്യ ശേഖരണം സംബന്ധിച്ച് എല്ലാ വീട്ടുകാരും സ്ഥാപന ഉടമകളുമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കരാര്‍ ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്ന് 2020 ആഗസ്ത് 12ലെ 1496 /2020 നമ്പര്‍ ഉത്തരവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വീട്ടു നികുതി പോലെ കുടിശ്ശിക തുകയും ഏപ്രില്‍ ഒന്നു മുതല്‍ പിരിച്ചെടുക്കാമെന്ന് മാര്‍ച്ച് 31 ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ 789/2023 നമ്പര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിലെ മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്രം, ഇരിട്ടി താലൂക്കിലെ പുന്നാട് വില്ലേജിലുള്ള കുഴുമ്പില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.in), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 20ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വര്‍ഷത്തില്‍ ഗവ.പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകരായി ഉദ്യോഗകയറ്റം നല്‍കുന്നതിന് ജില്ലയിലെ അര്‍ഹരായ അധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടര്‍/ ജില്ല/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. പട്ടികയില്‍ പരാതികളോ അപാകതകളോ ഉണ്ടെങ്കില്‍ തിരുത്തുന്നതിനായി നിയന്ത്രണ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തോടുകൂടി ഏപ്രില്‍ 14നകം കത്ത് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2705149.

തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം;
രജിസ്‌ട്രേഷന്‍ തുടങ്ങി

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2023 – 24 വര്‍ഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുളള അവസാന തീയതി ഏപ്രില്‍ അഞ്ച് വരെയാണ്.  ഇപ്പോള്‍ ഏഴാം  ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  അപേക്ഷിക്കാം. ഫോണ്‍: 9400006494, 9446973178, 9961488477.

ബസ് യാത്രാ കണ്‍സഷന്‍; കാലാവധി നീട്ടി വാങ്ങണം

വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി മെയ് 31 വരെ നീട്ടിയിരുന്നു. പാസ് ആവശ്യമുള്ള സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ കത്തോടുകൂടി വിദ്യാര്‍ഥികളുടെ വിവരവും വിദ്യാര്‍ഥികളുടെ പാസും സഹിതം ഏപ്രില്‍ 12നകം വന്ന് ആര്‍ ടി ഓഫീസില്‍ നിന്ന് കാലാവധി നീട്ടി വാങ്ങണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  കാലാവധി നീട്ടി വാങ്ങിയ പാസ്സുകള്‍ മാത്രമേ ബസ്സുകളില്‍ ഇനി മുതല്‍ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വിഭാഗത്തിലെ നിയമബിരുദധാരികളായ  യുവതി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍  കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകർക്ക് കീഴില്‍ പരിശീലനം നല്‍കുന്നു.  പ്രതിമാസം 18000 രൂപ ഓണറേറിയത്തോടെ മൂന്ന് വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ്. അപേക്ഷകരില്‍ നിന്നും സ്‌ക്രീനിങ് ടെസ്റ്റുകള്‍ നടത്തിയാണ് തെരഞ്ഞെടുപ്പ്.    എല്‍ എല്‍ ബി, എല്‍ എല്‍ എം യോഗ്യതയുള്ളവര്‍ക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കിക്കാം.
ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 10ന് വൈകിട്ട് അഞ്ച്  മണി വരെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ സമര്‍പ്പിക്കണം  ഫോണ്‍: 0497 2700357.

ചുഴലി ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂള്‍
ലാബ് – ലൈബ്രറി കെട്ടിടം ഉദ്ഘാടനം 4ന്

പൊതു വിദ്യാഭ്യാസ വകുപ്പ് ചുഴലി ഗവ.ഹയര്‍ സെക്കണ്ടറിക്ക് അനുവദിച്ച ഹയര്‍ സെക്കണ്ടറി ലാബ് – ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ നാലിന് രാവിലെ 9.30ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.   അഡ്വ. സജീവ് ജോസഫ് എം എല്‍ എ  അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.

മസ്റ്ററിങ്  നടത്തണം

കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍  ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങൾ  വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം.  ഫോണ്‍: 0497 2706133.

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി അംഗങ്ങള്‍ ജൂണ്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു.
2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ടു മുന്‍പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി അംഗങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രോഗികള്‍, വൃദ്ധജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രസ്തുത വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കേണ്ടതും അതിനനുസരിച്ച്  അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്
പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളില്‍/ക്ഷേമനിധി ബാര്‍ഡുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതാണ്.
നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ മസ്റ്ററിങിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെന്‍ഷന്‍ വിതരണം നടത്തുകയുള്ളൂ.
നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താവുന്നതാണ്. എന്നാല്‍ അവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതല്‍ക്കുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല.
കുടിവെള്ള വിതരണം മുടങ്ങുംകേരള ജല അതോറിറ്റി കണ്ണൂരിന്റെ അമൃത് പദ്ധതിയുടെ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് കണ്ണൂര്‍ വാട്ടര്‍ സപ്ലൈ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കുടുംബശ്രീ രജതജൂബിലി;
തീം സോങ് മത്സരം സംഘടിപ്പിക്കുന്നു

കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ‘മുദ്രഗീതം’-തീം സോങ് ഒരുക്കുന്നതിനായി കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് രചനകള്‍ ക്ഷണിച്ചു.  കുടുംബശ്രീയുടെ സമഗ്ര സംഭാവനകളുടെ സംക്ഷിപ്തമാണ് ഗാനത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. ലിംഗാധിഷ്ഠിതമല്ലാത്ത പ്രമേയമായിരിക്കണം. പതിനാറ് വരിയില്‍ കൂടരുത്. രചനകള്‍ മലയാളത്തിലായിരിക്കണം. തെരഞ്ഞെടുക്കുന്ന രചന സംഗീതം നല്‍കി കുടുംബശ്രീയുടെ തീം സോങ്ങായി ഉപയോഗിക്കും. മികച്ച രചനക്ക് പതിനായിരം രൂപയും ഫലകവും സമ്മാനം ലഭിക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് മികച്ച രചന തെരഞ്ഞെടുക്കുക. മെയ് 17 ന് നടക്കുന്ന കുടുംബശ്രീ വാര്‍ഷിക ദിനാഘോഷ പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും. രചനകള്‍ ഏപ്രില്‍ 15നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്. മെഡിക്കല്‍ കോളേജ് പി ഒ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ അയക്കണം.

കുടുംബശ്രീ ലോഗോ, ടാഗ് ലൈൻ  ഒരുക്കാന്‍ അവസരം

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ് ലൈൻ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോക്കും ടാഗ്‌ലൈനും 10,000 രൂപ വീതമാണ് സമ്മാനം. ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും വ്യക്തമാക്കുന്നതാകണം സൃഷ്ടികള്‍. എന്‍ട്രികള്‍ ഏപ്രില്‍ 15നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ് പി ഒ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ ലഭിക്കണം. വെബ്‌സൈറ്റ്: www.kudumbashree.org/logo.

വൈദ്യുതി മുടങ്ങും

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫഹദ് കോംപ്ലക്‌സ്, ചെറുകുന്ന് തറ, ഇടത്തട്ട, അമ്പലം, മലബാര്‍ കോംപ്ലക്‌സ്, ഹാള്‍സി ടവര്‍, ബോയ്‌സ് സ്‌കൂള്‍ പരിസരം, ഗേള്‍സ് സ്‌കൂള്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ നാല് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  കൊച്ചിപ്പള്ളി, ആനയിടുക്ക്, സിറ്റി സെന്റര്‍, ഷാജി ഐസ് പ്ലാന്റ്, വിക്ടറി ഐസ് പ്ലാന്റ്, അല്‍നൂര്‍ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ നാല് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂന്ന് നിരത്ത്, കക്കം പാലം, എം ഇ വുഡ് ഇന്‍ഡസ്ട്രി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ നാല് ചൊവ്വ രാവിലെ  11 മണി  മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.