സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് രണ്ട് മുതല്‍ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുന്ന അദാലത്തുകളിലേക്ക് ഇതുവരെ 225 പരാതികള്‍
ലഭിച്ചു. ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ പരാതി പരിഹാര അദാലത്തുകളിലേക്ക് ഏപ്രില്‍ 10 വരെ പരാതികള്‍ നല്‍കാം. പ്രവൃത്തിദിനങ്ങളില്‍ താലൂക്കാഫീസുകളില്‍ പ്രത്യേകം സജ്ജീകരിച്ച ഹെല്‍പ് ഡസ്‌ക് മുഖേന നേരിട്ടും അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായി വ്യക്തികള്‍ക്കും www.karuthal.kerala.gov.in വെബ്‌സൈറ്റ് മുഖേനയും അപേക്ഷ നല്‍കാം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 28 വിഷയങ്ങള്‍ അദാലത്തില്‍ പരിഗണിക്കും.

ജില്ലാ കലക്ടറേറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജില്ലാ അദാലത്ത് മോണിറ്ററിങ് സെല്‍, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍ കണ്‍വീനറായുള്ള ജില്ലാ അദാലത്ത് സെല്‍, താലൂക്ക് ഓഫീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലൂക്ക് അദാലത്ത് സെല്‍ എന്നിവ ഇതിനോടകം രൂപികരിച്ചു. കൊല്ലം താലൂക്കിലെ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സന്ദര്‍ശിച്ച് വിലയിരുത്തി. പൊതുജനങ്ങള്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക് ടര്‍ അറിയിച്ചു