വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ ഫണ്ട് ശേഖരണം നടത്തി. മാനന്തവാടി ഡയാനാ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളില്‍നിന്നും ഒരു ലക്ഷം രൂപ മന്ത്രി ഏറ്റുവാങ്ങി. മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് വേള്‍ഡ് ഭാരവാഹി കൃഷ്ണകുമാര്‍, അഡ്വ.എം. മണി എന്നിവര്‍ ചേര്‍ന്ന് 75000 രൂപയും വ്യവസായ ഗ്രൂപ്പായ അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമസ്ഥരായ അറയ്ക്കല്‍ കുടുംബാംഗങ്ങള്‍ ഒരു ലക്ഷം രൂപയും നല്‍കി. മത്സ്യ-മാംസ മാര്‍ക്കറ്റിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഫണ്ട് ശേഖരണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, തഹസില്‍ദാര്‍ എന്‍.ഐ ഷാജു, ശോഭ രാജന്‍, പി.ടി ബിജു, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എ വിന്‍സെന്റ്, നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി.