പ്രളയത്തിനു ശേഷം ക്രമാതീതമായി ചൂടു വര്‍ദ്ധിച്ച വയനാട്ടില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടത്തറ വെണ്ണിയോട് മൈലാടിയിലെ കമ്പനാട് ഇസ്മയില്‍(35), പനമരം നടവയല്‍ സ്വദേശി ബിജു(39) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മൈലാടിയില്‍ വോളിബോള്‍ കോര്‍ട്ട് നന്നാക്കുന്നതിനിടയിലാണ് ഇസ്മയിലിന് പുറത്ത് ഇരുവശത്തും പൊള്ളലേറ്റത്. ശരീരത്തില്‍ കുമിളകള്‍ പൊങ്ങിയ ഇസ്മയിലിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സ്വന്തം വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുന്നതിനിടയിലാണ് നടവയല്‍ പുഞ്ചക്കുന്ന് കണ്ടോത്ത് ബിജുവിന് പൊള്ളലേറ്റത്. പകല്‍ ഒന്നരയോടെ കഴുത്തിന് പുറകിലും പുറത്തും പൊള്ളലേല്‍ക്കുകയായിരുന്നു. കുമിളകള്‍ പൊട്ടി ഒലിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇയാളെ കേണിച്ചിറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ മാറി വെയില്‍ തെളിഞ്ഞതോടെ കടുത്ത ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നു. പ്രളയത്തിന് പിന്നാലെ ജില്ല വരള്‍ച്ചയിലേക്കെന്ന സൂചന നല്‍കി പുഴകളിലും തോടുകളിലും ജലനിരപ്പും താഴ്ന്നു. ജില്ലയിലെ വിവിധയിടങ്ങളില്‍ മണ്ണിരകള്‍ ചത്തൊടുങ്ങുന്നതും വരള്‍ച്ചയുടെ സൂചനകളാണെന്നാണ് വിലയിരുത്തുന്നത്.