രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ കോതേരി കാട്ടാമ്പലം റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വികസന പ്രശ്നങ്ങൾ, ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള സാധ്യമായ എല്ലാ മാർഗങ്ങളും ജനപ്രതിനിധി എന്ന നിലയിൽ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ഇടപെടലുകൾ നടത്തും. വികസന പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സ്ഥിതിയാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ കാണാൻ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീഖ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.ഗീത, മുൻ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.