കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു

എറണാകുളം ജനറൽ ആശുപത്രിയിൽ നവീകരിച്ച  ഒ.പി ഫാർമസി, മരുന്ന് സംഭരണ  കേന്ദ്രം, ലാബ് സാംപിൾ കളക്ഷൻ സെൻ്റർ എന്നിവ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകുന്ന രീതിയിലാണ് പുതിയ ഒ.പി ഫാർമസി നവീകരിച്ചിരിക്കുന്നതെന്ന് മേയർ പറഞ്ഞു. നവീകരണത്തിനായി ഫണ്ട് അനുവദിച്ച എസ്.എഫ്.എസ് ഹോംസ് പ്രതിനിധി ലാവാ കൃഷ്ണൻ, റോട്ടറി ക്ലബ് കൊച്ചി പ്രതിനിധി എബ്രഹാം തര്യൻ, ഇന്നർ വീൽ കൊച്ചി പ്രതിനിധി  മിനു കുര്യൻ എന്നിവരെ മേയർ പ്രത്യേകം  അഭിനന്ദിച്ചു.

ആധുനിക സൗകര്യങ്ങളോടു കൂടിയ എട്ടു കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും ആശുപത്രിക്ക് ലഭിക്കുന്ന മരുന്നും മറ്റു സാമഗ്രികളും സംഭരിക്കുന്നതിന് ആവശ്യമായ അടച്ചുറപ്പുള്ള സ്റ്റോറേജ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ രണ്ടാം നിലയിൽ ലാബിനോടനുബന്ധിച്ചു  പ്രവർത്തിച്ചിരുന്ന ലാബ് സാംപിൾ കളക്ഷൻ ഏരിയ രോഗി സൗഹൃദമാക്കുന്നതിന്റെ  ഭാഗമായി ആധുനിക സംവിധാനങ്ങളോടെ താഴത്തെ നിലയിലേക്ക് മാറ്റി.ഒരേ സമയം നാലു രോഗികൾക്ക് സാംപിൾ എടുക്കുന്നതിനുള്ള  സൗകര്യം, നൂതനരീതിയിലുള്ള റിക്ലൈനിങ് ചെയറുകൾ, ആധുനിക ബില്ലിംഗ് സൗകര്യം എന്നിവ പുതിയ സാംപിൾ കളക്ഷൻ ഏരിയയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാബ് റിപ്പോർട്ടുകൾ ആശുപത്രിയുടെ റിസപ്ഷൻ കൗണ്ടറുകളിൽ നിന്നും ലഭ്യമാകുന്ന സംവിധാനവും അഡ്മിറ്റ് ആയ രോഗികൾക്ക് അതാതു വാർഡുകളിൽ നിന്നും ലാബ് റിപ്പോർട്ടുകൾ ലഭ്യമാകുന്ന സംവിധാനവും ഉണ്ടാകും.

ആശുപത്രി അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ, വാർഡ് കൗൺസിലർ പത്മജ മേനോൻ, എച്ച്.ഡി.എസ് അംഗങ്ങളായ എം.പി രാധാകൃഷ്ണൻ, അലൻ ജോർജ്, കുര്യൻ എബ്രഹാം, ജയേഷ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആശ കെ ജോൺ എന്നിവർ പങ്കെടുത്തു.