ലഹരിയുടെ കൈകളിലേക്ക്‌ യുവതലമുറ വീഴുന്നത് പ്രതിരോധിക്കാൻ എന്റെ കേരളം പ്രദർശന വേദിയിലും ബോധവത്ക്കരണം നടത്തുകയാണ് എക്സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തിൽ. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ജീവിതത്തിലും ശരീരത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളെയും ഭവിഷ്യത്തുകളെയും നേരിട്ട് അറിയാൻ സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന മാതൃകകളിലൂടെ സന്ദർശകർക്ക് സാധിക്കുന്നു.

യുവതലമുറ ലഹരിയിലേക്കെത്തുന്നത് ഒഴിവാക്കാൻ കായിക വിനോദങ്ങളിലേക്ക് ശ്രദ്ധയെത്തിക്കാൻ ആവശ്യമായ ബോധവത്ക്കരണം നൽകുകയാണ് വിമുക്തി.

പ്രദർശന വേദിയിലെ വിമുക്തി സ്റ്റാളിൽ വിവിധ ഗെയിമുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അമ്പെയ്ത്ത്, ചിത്രത്തിന് സംഭാഷണമെഴുതൽ, ബാസ്കറ്റ് ബോൾ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം.

ലഹരി വിരുദ്ധ ബോധവത്ക്കരണ പോസ്റ്ററുകളും, വിമുക്തിയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന ചിത്ര രചനാ മത്സരങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. സ്റ്റാളിൽ എത്തുന്ന സന്ദർശകർക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നേരിട്ട് അറിവ് പകരുന്നതിനൊപ്പം ലഹരി വിരുദ്ധ കൈ രേഖകളും നൽകുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ.