കേരളത്തിലെ ഏറ്റവും മികച്ച ജലനിധി ശുദ്ധജല വിതരണ സമിതികൾക്കായി സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ അവാർഡ് നിർണയത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ എടവക ഗ്രാമ പഞ്ചായത്തിലെ തോണിച്ചാൽ ജലനിധി ശുദ്ധജല സമിതി ഭാരവാഹികളേയും കമ്മന മഹാത്മ ശുദ്ധജല വിതരണ സമിതി ഭാരവാഹികളേയും എടവക ഗ്രാമപഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പത്മശ്രീ ചെറുവയൽ രാമൻ അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരം നൽകി. തോണിച്ചാൽ ശുദ്ധജല സമിതിക്കു വേണ്ടി വി.ജെ. ജോസഫ്, ടി. നാസർ, തുളസിദാസ്, ടി.ജി. ജോയി, കമ്മന മഹാത്മ ശുദ്ധജല സമിതിക്കു വേണ്ടി ജിൽസൺ തൂപ്പുങ്കര, ബാലൻ നെല്ലിക്കൽ, വി.എം. ജോസ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശിഹാബ് അയാത്ത്, ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, ജനപ്രതിനിധികളായ വിനോദ് തോട്ടത്തിൽ, എം.പി. വത്സൻ, അഹമ്മദ് കുട്ടി ബ്രാൻ, അസി. സെക്രട്ടറി വി.സി. മനോജ് തുടങ്ങിയവർ സംസാരിച്ചു.