സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരു സാമൂഹ്യ ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനും സഹായകമാകുന്ന പിന്തുണകള്‍ ലഭ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സഹായവും പിന്തുണയും ഉറപ്പാക്കുക തുടങ്ങിയവ സാധ്യമാകുന്ന തരത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വനിത ശിശു സഹായ കേന്ദ്രം സ്‌നേഹിത ഒന്‍പതാം വര്‍ഷത്തിലേക്ക്.
ദാമ്പത്യ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള താത്ക്കാലിക അഭയം, കൗണ്‍സിലിങ്, നിയമ സഹായം എന്നിവ സ്‌നേഹിതയില്‍ ലഭ്യമാണ്. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ വക്കീലിന്റെ സൗജന്യ നിയമ സഹായവും ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റ് പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചു ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സ്‌നേഹിതയിലൂടെ നല്‍കി വരുന്നു.

ജില്ലയില്‍ 2015 ഏപ്രിലിലാണ് സ്‌നേഹിത പ്രവര്‍ത്തനം ആരംഭിച്ചത്. സ്നേഹിതയുടെ സേവനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ എത്തിക്കുന്നതിന് വേണ്ടി കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, പെണ്ണിടം, സ്ത്രീപക്ഷ നവകേരളം, ജെന്‍ഡര്‍ ക്ലബ്, ഈസി എക്സാം, നമ്മ ഊര്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്, എഫ്.എന്‍.എച്ച്.ഡബ്ല്യു, സമം, ലഹരി വിമുക്ത ക്യാമ്പയിന്‍ തുടങ്ങിയ പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ട്.  പാലക്കാട് സ്നേഹിത ജെന്‍ഡര്‍ സ്ഥാപനത്തില്‍ 2015 മുതല്‍ 2023 മാര്‍ച്ച് വരെ 3346 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 768 ആളുകള്‍ക്ക് താത്ക്കാലിക അഭയവും ഉറപ്പാക്കിയിട്ടുണ്ട്. സ്‌നേഹിതയെ സമീപിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 2018 എന്ന ടോള്‍ ഫ്രീ നമ്പറിലോ 0491 2505111, 9605483474 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. ജില്ലാ വ്യവസായ കേന്ദ്രത്തിനു മുന്‍വശം ഫയര്‍ സ്റ്റേഷന് സമീപത്താണ് കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സ്ഥിതി ചെയ്യുന്നത്.