കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കോർപറേഷൻ ഇ.എം.എസ്‌ സ്‌റ്റേഡിയത്തിൽ മത്സരങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. വൈകിട്ട്‌ അഞ്ചിന്‌ ആദ്യമത്സരത്തിൽ ബംഗളൂരു എഫ്‌സിയും ശ്രീനിധി ഡെക്കാൻ എഫ്‌സിയും എറ്റുമുട്ടി. കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ്‌ ചാമ്പ്യന്മാരായ പഞ്ചാബ്‌ റൗണ്ട്‌ ഗ്ലാസ്‌ എഫ്‌സിയും തമ്മിലെ രണ്ടാം മത്സരം വീക്ഷിക്കാൻ ഗാലറിയിൽ മന്ത്രിയും സന്നിഹിതനായിരുന്നു. മത്സരത്തിന് മുന്നോടിയായി മന്ത്രി വി. അബ്ദുറഹ്മാൻ ഇരു ടീമുകളിലെയും കളിക്കാരെ പരിചയപ്പെട്ടു.

ഫെഡറേഷൻ കപ്പിനുപകരമായി 2018ൽ ആരംഭിച്ച സൂപ്പർകപ്പിന്റെ മൂന്നാം പതിപ്പാണിത്. ടൂർണമെന്റിൽ ആകെ 16 ടീമുകളാണ് അണിനിരക്കുന്നത്. ഇതിൽ 11 ഐ.എസ്‌.എൽ ടീമുകളും അഞ്ച്‌ ഐ ലീഗ്‌ ടീമുകളുമാണുള്ളത്. നാലുവീതം ടീമുകളുള്ള നാല്‌ ഗ്രൂപ്പുകളായാണ്‌ മത്സരങ്ങൾ. ഗ്രൂപ്പ്‌ ജേതാക്കൾ സെമിയിലെത്തും. വൈകിട്ട്‌ അഞ്ചിനും രാത്രി 8.30നുമായി ദിവസവും രണ്ടുവീതം മത്സരങ്ങൾ നടക്കും. എ,സി ഗ്രൂപ്പ്‌ മത്സരങ്ങൾ കോർപറേഷൻ ഇ.എം.എസ്‌ സ്‌റ്റേഡിയത്തിലും ബി, ഡി ഗ്രൂപ്പ്‌ മത്സരങ്ങൾ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലുമാണ്‌. ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ഇരു സ്‌റ്റേഡിയങ്ങളിലും മത്സരം. ഫൈനൽ 25ന്‌ രാത്രി 8.30ന്‌ കോഴിക്കോട്ട്‌ നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്പ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ യു ഷറഫലി, കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു