വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ജനകീയമായി. മുക്കം എം. എം. ഒ. ഒ. എസ്. എ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ലിൻ്റോ ജോസഫ് എം എൽ എ, വനാതിർത്തി മേഖലകളിലെ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.

കാട്ടാന ശല്യം നിയന്ത്രിക്കാൻ ഫെൻസിങ്ങ്, വിള നഷ്ടത്തിനുള്ള ധനസഹായം വേഗത്തിലാക്കുക, മൃഗങ്ങളുടെ സെൻസസ് നടത്തി എണ്ണം നിയന്ത്രിക്കുക, വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ
നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്കരിക്കുക, വന സംരക്ഷണ സമിതി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, വയനാട് ചുരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുക, ഇരുവഴഞ്ഞി പുഴയിലെ നീർനായ ശല്യം, തർക്ക സ്ഥലങ്ങളിൽ ജണ്ട കെട്ടുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ചൂണ്ടിക്കാട്ടി. തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ ലിൻ്റോ ജോസഫ് എം എൽ എ യോഗത്തിൽ അവതരിപ്പിച്ചു.

താമരശ്ശേരി റെയിഞ്ചിൽ 12 കിലോ മീറ്റർ ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനായി നബാർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും താമരശ്ശേരി ചുരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്ന നടപടികളും സ്വീകരിച്ചു വരുന്നതായും കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി അബ്ദുൾ ലത്തീഫ് പറഞ്ഞു. ഇരുവഴഞ്ഞി പുഴയിലെ നീർനായ അക്രമണത്തിന് പരിഹാരം കാണുമെന്നും, ആർ ആർ ടി സേവനം പീടികപ്പാറ സെക്ഷൻ കേന്ദ്രീകരിച്ച് സ്റ്റാഫുകളുടെയും പ്രദേശത്തെ വാച്ചർമാരുടെയും സേവനം ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഫോറസ്റ്റ് സെക്ഷനുകളെ ആധുനികവൽക്കരിക്കുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇത് നടപ്പാകുന്നതോടെ മലയോര മേഖലയിലെ വനപ്രശ്നങ്ങൾക്ക് കൂടുതൽ പരിഹാരമാകുമെന്നു അദ്ദേഹം യോഗത്തിൽ മറുപടി നൽകി.

യോഗത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. മാധവൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് , പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, മെമ്പർമാർ, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ, , മറ്റു ജനപ്രതിനിധികൾ, ജില്ലാതല ഉദ്യാഗസ്ഥർ എന്നിവർ സംസാരിച്ചു.