സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ശ്രദ്ധേയമായി. പേരാമ്പ്ര വി.വി ദക്ഷിണമൂർത്തി ടൗൺഹാളിൽ നടന്ന സൗഹൃദ സദസ്സിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ എം എൽ എമാരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വനഭൂമി സംബന്ധിച്ച പ്രശ്നങ്ങളും വനമേഖലകളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങളും ആശങ്കകളും മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പങ്കുവെച്ചു.

തോക്ക് ലൈസൻസ് നടപടി ലളിതമാക്കുക, മൃഗങ്ങളുടെ സെൻസസ് നടത്തി എണ്ണം നിയന്ത്രിക്കുക, ആന ശല്യം ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, വിളകളുടെ നഷ്ടപരിഹാര തുക ഉയർത്തുക,വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ
നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്കരിക്കുക, വന സംരക്ഷണ സമിതിക്ക് പ്രവൃത്തിക്കാനുള്ള ഫണ്ട് ലഭ്യമാക്കുക, പ്രകൃതി ക്ഷോഭത്തിൽ വീഴുന്ന മരങ്ങൾ സമയബന്ധിതമായി ലേലം ചെയ്യുക, പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ വയനാട് റോഡ് സാധ്യമാക്കുക, സ്വയം പുനരധിവാസ പദ്ധതി വഴി സ്ഥലം വിട്ടു നൽകിയവരുടെ പുനരധിവാസം സാധ്യമാക്കുക, പഞ്ചായത്തുകളിൽ ടൂറിസം ഡസ്റ്റിനേഷൻ സ്ഥലങ്ങൾ അനുവദിക്കുക, കക്കയത്തെ കെ എസ് ഇ ബി, വനംവകുപ്പ് തർക്കം പരിഹരിക്കുക, മലയോര ഹൈവേക്ക് വനം വകുപ്പിന്റെ അധീനതയിലെ സ്ഥലങ്ങൾ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കുക തുടങ്ങി നിരവധി വിഷയങ്ങൾ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ചൂണ്ടിക്കാട്ടി.

എം എൽ എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ടി.പി രാമകൃഷ്ണൻ, കെ.എം സച്ചിൻ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര, കുന്നുമ്മൽ, തൂണേരി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, പേരാമ്പ്ര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് , കായണ്ണ, പനങ്ങാട്, കായക്കൊടി, കാവിലുംപാറ, നരിപ്പറ്റ, വളയം, മരുതോങ്കര, ചെക്യാട്, വാണിമേൽ പഞ്ചായത്തുകളിലെ പ്രതിനിധികൾ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

സ്വയം പുനരധിവാസ പദ്ധതി പ്രകാരം ചക്കിട്ടപ്പാറ പഞ്ചായത്തിൽ 1.6 കോടി രൂപ അനുവദിച്ചതായും ഭൂമി വിട്ടു നൽകിയവരുടെ പുനരധിവാസം പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ചർച്ചക്ക് മറുപടി നൽകിയ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി അബ്ദുലത്തീഫ് പറഞ്ഞു. വയനാട് ബദൽ പാതയ്ക്കുള്ള അനുമതി കേന്ദ്ര സർക്കാരാണ് നൽകേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
ഓരോ പ്രദേശത്തിനും ആവാസ വ്യവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ആനമതിൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തുമെന്നും പെരുവണ്ണാമുഴി വനത്തിൽ 18 കി.മി ഫെൻസിംഗ് ഹാംഗിങ്ങ്, കൂരാച്ചുണ്ടിൽ 5 കി.മി ഫെൻസിംഗ് എന്നിവ സ്ഥാപിക്കാനായി നബാർഡിൽ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ വനഭൂമികളിലെ ഇക്കോ ടൂറിസം പ്രദേശത്തിന്റെ അനുമതിക്ക് കേന്ദ്ര അനുമതി വരുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മറുപടി നൽകി.

തോക്ക് ലൈസൻസിനായി ലഭിച്ച 54 അപേക്ഷകളിൽ 35 എണ്ണത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായും 16 ലൈസൻസിന് അനുമതി നൽകിയതായും 12 അപേക്ഷ നിരസിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനം വകുപ്പിന്റെ കീഴിൽ വരുന്ന വിഷയങ്ങളിൽ പരമാവധി സൗഹൃദ സമീപനം സ്വീകരിച്ച് വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌ പ്രദീപ്‌ കുമാർ, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ തുടങ്ങിയവർ പങ്കെടുത്തു.