എന്റെ കേരളം മെഗാ എക്‌സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ 180ഓളം വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും വിധത്തിലാണ് സ്റ്റാളുകൾ സജ്ജമാക്കുന്നത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ, എംഎസ്എംഇകൾ, കുടുംബശ്രീ സംഘങ്ങൾ എന്നിവയുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും മേളയിലുണ്ടാവും.

‘യുവതയുടെ കേരളം’ എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, തൊഴിൽ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, സേവനം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് സർക്കാർ വകുപ്പുകൾക്ക് പുറമെ കണ്ണൂർ സർവകലാശാല, സ്റ്റാർട്ടപ്പ് മിഷൻ, ഒഡേപെക്, കെഡിസ്‌ക്, അസാപ്, കെയ്‌സ്, കെഎസ്‌ഐഡിസി, എൻടിടിഎഫ്, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളജ് എന്നിവയുടെ സ്റ്റാളുകൾ മേളയുടെ ആകർഷണമാവും. കൂടാതെ ഡിടിപിസി ഒരുക്കുന്ന കുട്ടികൾക്കുള്ള അമ്യൂസ്‌മെൻറ് ഏരിയ, സ്‌പോർട്‌സ് കൗൺസിൽ സജ്ജമാക്കുന്ന സ്‌പോർടസ് ഏരിയ എന്നിവയുമുണ്ടാവും.