സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. പരാതികളും അപേക്ഷകളും ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍ വഴിയും നല്‍കാവുന്നതാണ്. www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതി നല്‍കേണ്ടത്. പരാതിക്കാരന്റെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്.

ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായാണ് അദാലത്ത് നടക്കുന്നത്. 27 ന് വൈത്തിരിയിലും 29 ന് സുല്‍ത്താന്‍ ബത്തേരിയിലും 30 ന് മാനന്തവാടിയിലുമാണ് അദാലത്ത്. മന്ത്രിമാരായ എം.ബി രാജേഷ്, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും. ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍മേലുളള മറുപടിയും തീരുമാനവും അപേക്ഷകന് സ്വന്തം ലോഗിനിലൂടെ ലഭ്യമാവും. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷകളുടെ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അറിയാം.

ഇവ പരിഗണിക്കും

ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റല്‍, തെരുവു വിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെളളവും, റേഷന്‍ കാര്‍ഡ്, വളര്‍ത്ത് മൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരവും സഹായവും, കൃഷിനാശം, കാര്‍ഷിക വിളകളുടെ സംരക്ഷണവും വിതരണവും വിള ഇന്‍ഷൂറന്‍സും, ഭക്ഷ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുളള ആനുകൂല്യങ്ങള്‍, ക്ഷേമപദ്ധതികള്‍ (വീട്, വസ്തു, -ലൈഫ് പദ്ധതി, വിവാഹ- പഠന ധനസഹായം മുതലായ), പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണവും മാലിന്യ സംസ്‌കരണവും, തെരുവുനായ സംരക്ഷണവും ശല്യവും, വയോജന സംരക്ഷണം, വന്യജീവി ആക്രമണങ്ങളില്‍നിന്ന് സംരക്ഷണവും നഷ്ടപരിഹാരവും, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികളും അപേക്ഷകളും, മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍, ശാരീരിക -ബുദ്ധി- മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസവും ധനസഹായവും പെന്‍ഷനും, വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി ഉള്‍പ്പെടെയുള്ള 27 വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുക.

പരിഗണിക്കാത്തവ

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപ്പോസലുകള്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, ജീവനക്കാര്യം (സര്‍ക്കാര്‍), സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളിലുള്ള ആക്ഷേപം, വായ്പ എഴുതി തള്ളല്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ), പോലീസ് കേസുകള്‍, ഉദ്യോഗസ്ഥര്‍ക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍, ഭൂമിസംബന്ധമായ പട്ടയങ്ങള്‍, വസ്തു സംബന്ധമായ പോക്ക് വരവ്, തരംമാറ്റം, റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയവ പരിഗണിക്കില്ല.